മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ. പ്രസവ സമയത്ത് സിനിമയിൽ നിന്നും മിയ മാറി നിന്നിരുന്നു. പ്രസവത്തിന് ശേഷം വണ്ണം കൂടിയതിനെക്കുറിച്ച് സ്ത്രീകളാണ് കൂടുതലും ചോദിച്ചതെന്നും അത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും മിയ പറഞ്ഞു. പ്രസവ ശേഷം പത്ത് കിലോ കൂടിയ സമയത്താണ് സ്റ്റാർ മാജിക് പരിപാടിയിലേക്ക് പോയതെന്നും മിയ പറഞ്ഞു. തനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും ഇത് നാച്ചുറൽ ആയിട്ടുള്ള കാര്യമല്ലേ എന്നും താരം കൂട്ടിച്ചേർത്തു. മിർച്ചി മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിയ.
‘പ്രസവത്തിനുശേഷം ഞാനൊരു പത്ത് കിലോ കൂടിയിരുന്നു. ഫ്ലവേഴ്സ് സ്റ്റാർ മാജിക് എന്ന പരിപാടിയിലായിരുന്നു ലൂക്കാ(മകൻ) ഉണ്ടായതിനുശേഷം ഞാൻ ആദ്യമായിട്ട് സ്‌ക്രീനിന് മുൻപിൽ പോയിരുന്നത്. എനിക്ക് പത്ത് കിലോ കൂടിയ സമയത്ത് തന്നെയാണ് ഞാൻ പോയിരുന്നത്. എനിക്ക് അതൊരു ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ലായിരുന്നു. പത്ത് കിലോ കൂടിയിട്ടുള്ള എന്നെ ഞാൻ എങ്ങനെയാണ് സ്ക്രീനിന് മുന്നിൽ പ്രസന്റ് ചെയ്യുക എന്നത് ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു.
എനിക്ക് നാച്ചുറൽ ആയി അറിയുന്ന ഒരു കാര്യമായിരുന്നു പ്രസവിച്ച സ്ത്രീകൾക്ക് കുറച്ച് വണ്ണമൊക്കെ വെക്കും എന്നുള്ളത്. അതൊരു സ്വാഭാവികമായിട്ടുള്ള കാര്യമല്ലേ. അവരുടെ ബോഡി അത്രയും കാര്യങ്ങളിലൂടെ ഓവർകം ചെയ്തു വന്നതല്ലേ. വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു കാര്യമാണ് അവർ വണ്ണം വെക്കുമെന്നുള്ളത്. അതുകൊണ്ട് തന്നെ എന്നെ അങ്ങനെ കാണിക്കുന്നതിൽ എനിക്കൊരു പ്രശ്നവും ഇല്ലായിരുന്നു.
നേരിട്ട് കാണുമ്പോൾ വണ്ണം വച്ചുപോയി എന്ന് പറഞ്ഞവരുമുണ്ട്. പക്ഷേ എനിക്കതിൽ ഒരു പ്രശ്നവുമില്ല. എല്ലാവർക്കും മനസ്സിലാകുന്ന ഒരു സില്ലി കാര്യമാണ് പ്രസവിച്ച സ്ത്രീകൾ വണ്ണം വെക്കും എന്നുള്ളത്. അവൾക്ക് കുഞ്ഞുങ്ങളെ ഫീഡ് ചെയ്യാനുണ്ട്, അവർ ആ സമയത്ത് ഡയറ്റ് ഒന്നും എടുക്കില്ല. നമ്മുടെ ഫിഗർ അല്ലാലോ നമ്മൾ ആ സമയത്ത് നോക്കുന്നത്. കുട്ടിക്ക് ന്യൂട്രീഷൻ കിട്ടണം, പാൽ ഉണ്ടാവണം എന്നാണ്.
ആ സമയം കുട്ടിയാണ് നമ്മുടെ പ്രയോരിറ്റി. വളരെ ബേസിക് ആയിട്ടുള്ള കാര്യമല്ലേ ഇവർ എന്തിനാ ഇത് ഇത്ര സംഭവമാകുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്. ആ കാര്യത്തിൽ കുറച്ചുകൂടെ ബോധവത്കരം വരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ മിയ പറഞ്ഞു.
ചോദിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകൾ അല്ലേ എന്ന ചോദ്യത്തിന് അതേ സ്ത്രീകളാണ് ചോദിക്കാറെന്നും അത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ല എന്നായിരുന്നു മിയയുടെ മറുപടി.
‘അതെ സ്ത്രീകളാണ് കൂടുതൽ ചോദിച്ചത്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ മനസ്സിൽ ഇങ്ങനെ ഓർത്തു, നിങ്ങളും കുട്ടിയുണ്ടായി കഴിഞ്ഞ് ആറു മാസത്തിലുള്ള ഫോട്ടോ ഒന്ന് എടുത്ത് നോക്കുമോ(ചിരി) എങ്ങനെ ആയിരുന്നു എന്നുള്ളത്. മനസ്സിൽ വിചാരിച്ചു പക്ഷേ ചോദിച്ചില്ല,’ മിയ പറഞ്ഞു.
Content Highlight: Miya talks about the body shaming question she faced in her life