സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന വ്യക്തിയാണ് മിയ ജോര്‍ജ്. ചേട്ടായിസ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ മിയ കുഞ്ചാക്കോ ബോബന്‍ നായകനായ വിശുദ്ധനിലൂടെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ അവര്‍ പ്രേക്ഷകപ്രീതി നേടി.
പല സിനിമകളുടെയും ഷൂട്ടിങ് കഴിഞ്ഞ് കാലങ്ങളായിട്ടും ഇനിയും തനിക്ക് ചില നിര്‍മാതാക്കള്‍ പണം തരാനുണ്ടെന്ന് പറയുകയാണ് മിയ. അഡ്വാന്‍സ് തുക മാത്രം ലഭിച്ച സിനിമകളുണ്ടെന്നും ഗുണ്ടായിസം കാണിച്ച് തനിക്ക് പണം വാങ്ങാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചില അഭിനേതാക്കള്‍ മുഴുവന്‍ തുക നല്‍കിയാല്‍ മാത്രമാണ് ഡബ്ബിങ്ങിന് വരുകയുള്ളെന്ന് പറയുമെന്നും അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് എങ്ങനെയെങ്കിലും പണം നല്‍കാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കാറുണ്ടെന്നും മിയ പറയുന്നു. ആത്മാര്‍ത്ഥത കാണിച്ചാല്‍ പണമൊന്നും കിട്ടാറില്ലെന്നും അടികൂടുന്നവര്‍ക്കാണ് ലഭിക്കുകയെന്നും മിയ കൂട്ടിച്ചേര്‍ത്തു. എസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എനിക്ക് ഇപ്പോഴും ഇഷ്ടംപോലെ സിനിമ ചെയ്തതിന്റെ പൈസ കിട്ടാനുണ്ട്. നമ്മളുടെ ജോലി ആണ് സിനിമയെങ്കിലും ഇഷ്ടം കൂടെ കൊണ്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്. സിനിമ അഭിനയിച്ചു, ഷൂട്ടിങ് കഴിഞ്ഞു അപ്പോള്‍ പ്രൊഡ്യൂസര്‍ വന്നിട്ട് പറയുകയാണ് ഡബ്ബിങിന്റെ സമയത്ത് എല്ലാ പൈസയും നമുക്ക് സെറ്റില്‍ ചെയ്യാമെന്ന്. അപ്പോള്‍ ഞാന്‍ ഓക്കേ പറഞ്ഞു പോകും.
ഡബ്ബിങിന്റെ സമയത്ത് വന്നിട്ട് പറയും സിനിമ റിലീസ് ആകുന്നതിന്റെ മുമ്പ് തരാമെന്ന്. നമ്മള്‍ വിചാരിക്കും ശരി അയാള്‍ മാര്‍ക്കറ്റിങ്ങിന് വേണ്ടിയിട്ടെല്ലാം ഒരുപാട് പൈസ ഇറക്കിയിട്ടുണ്ടാകും അതുകൊണ്ടല്ലേ, പടം തിയേറ്ററില്‍ എത്തുമ്പോള്‍ അതില്‍ നിന്ന് കിട്ടുന്നതുകൊണ്ട് നമ്മളെ സെറ്റില്‍ ചെയ്യുമെന്ന്. ഞാനൊക്കെ അങ്ങനെ തരുമായിരിക്കും എന്ന് കരുതി മാറ്റി മാറ്റി വെച്ചിട്ട് കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമകളുണ്ട്.
അഡ്വാന്‍സ് മാത്രം വാങ്ങി ചെയ്ത സിനിമകള്‍ വരെ ഉണ്ട്. ഇനിയും ഒത്തിരി രൂപ നമുക്ക് ശമ്പളമായിട്ട് കിട്ടാനുള്ള സിനിമകളുണ്ട്. അഞ്ചുകൊല്ലം കഴിഞ്ഞു ചോദിച്ചാലും ഞാന്‍ ഇപ്പോഴും പ്രശ്‌നത്തിലാണ്, എനിക്ക് കിട്ടുമ്പോള്‍ ആദ്യം തീര്‍ക്കുന്നത് നിങ്ങളുടെ കടമായിരിക്കും എന്നൊക്കെ പറയുന്ന നിര്‍മാതാക്കളുണ്ട്. നമുക്ക് പോയി ഗുണ്ടായിസം കാണിച്ച് പൈസ വാങ്ങിക്കാനൊന്നും പറ്റില്ല.
പക്ഷെ ചില മിടുക്കുള്ള ആര്‍ട്ടിസ്റ്റുകള്‍ എന്താ ചെയ്യുക എന്നുവെച്ചാല്‍ അവര്‍ ഫുള്‍ എമൗണ്ട് സെറ്റില്‍ ചെയ്യാതെ ഡബ്ബിങ്ങിന് വരില്ലെന്ന് പറയും. ശബ്ദം നന്നായിട്ട് അറിയുന്ന ആര്‍ട്ടിസ്റ്റുകള്‍ ആണെങ്കില്‍ അവര്‍ക്ക് വേറെ ആളെ വെച്ച് ഡബ്ബ് ചെയ്യാന്‍ പറ്റില്ലല്ലോ അപ്പോള്‍ മാല ഊരി പണയം വെച്ചിട്ടാണെങ്കിലും അവരുടെ ക്യാഷ് സെറ്റില്‍ ചെയ്യും. നമ്മള്‍ ആത്മാര്‍ത്ഥതയുടെ നിറകുടമായി, അവര്‍ നന്നാവട്ടെ എന്ന് വിചാരിച്ചാല്‍ നമുക്കൊന്നും കിട്ടുകയുമില്ല അടി കൂടുന്നവര്‍ വാങ്ങിച്ചിട്ടും പോകുകയും ചെയ്യും,’ മിയ പറയുന്നു.
Content Highlight: Miya George Talks About Payment Issues In Film Industry