മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മിയ ജോര്‍ജ്. സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന മിയ 2010ല്‍ പുറത്തിറങ്ങിയ ഒരു സ്മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
മുമ്പ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സമയത്ത് മിയ മമ്മൂട്ടിയുമായി അഭിമുഖം നടത്തിയത് വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടി കമ്പനിക്ക് വേണ്ടിയായിരുന്നു അന്ന് മിയ ആ അഭിമുഖം നടത്തിയത്. താന്‍ എന്നും ഓര്‍ക്കുന്ന ഒരു മൊമന്റായിരുന്നു അതെന്ന് പറയുകയാണ് മിയ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘അത് സത്യത്തില്‍ എന്റെ ആദ്യത്തെ ഇന്റര്‍വ്യു ആയിരുന്നു. അന്നത്തെ എന്റെ ടെന്‍ഷന്‍ എനിക്ക് മാത്രമേ അറിയുകയുള്ളൂ. അതിലേക്ക് എന്നെ മമ്മൂക്ക തന്നെയായിരുന്നു സജസ്റ്റ് ചെയ്തത്. ഇക്കക്ക് ഇന്റര്‍വ്യു ഫീലിങ്ങുള്ള സംഭവം വേണ്ടെന്നും ഒരു കാഷ്വല്‍ ടോക്ക് മതിയെന്നും പറയുകയായിരുന്നു.
അതിന്റെ ഇടയില്‍ മമ്മൂക്ക മിയയെ വിളിച്ച് നോക്കൂ, അവള് നന്നായി സംസാരിക്കുമല്ലോയെന്ന് പറഞ്ഞു. അങ്ങനെ മമ്മൂക്ക പറഞ്ഞിട്ടാണ് അവര് എന്നെ വിളിക്കുന്നത്. എനിക്ക് ഫോണ്‍ വന്നപ്പോള്‍ മമ്മൂക്ക മിയയെ വിളിക്കാന്‍ പറഞ്ഞു എന്നാണ് അവര്‍ എന്നോട് പറഞ്ഞത്.
ഞാന്‍ അത് കേട്ടതും ഞെട്ടി. വരില്ലേയെന്ന് ചോദിച്ചപ്പോള്‍ ഉടനെ വരാമെന്ന് പറയുകയായിരുന്നു. പിന്നെയാണ് ഞാന്‍ അദ്ദേഹത്തോട് എന്ത് ചോദ്യം ചോദിക്കുമെന്ന കാര്യം ചിന്തിക്കുന്നത്. വലിയൊരു മനുഷ്യനെ മുന്നില്‍ കിട്ടുമ്പോള്‍ അദ്ദേഹം അര്‍ഹിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ ചോദിക്കണമല്ലോ.
ആ ചോദ്യങ്ങളില്‍ അദ്ദേഹത്തിന് എന്തെങ്കിലും പുതുമ തോന്നണമെന്ന് എനിക്ക് ഉണ്ടായിരുന്നു. നമ്മളും കുറേ ഇന്റര്‍വ്യൂവിനൊക്കെ ഇരിക്കുന്നതല്ലേ. ഒരേ ചോദ്യങ്ങള്‍ കേട്ടാല്‍ നമുക്കും മടുക്കില്ലേ. അദ്ദേഹത്തെ മടുപ്പിക്കരുതെന്ന തോന്നല് കാരണം ഞാന്‍ എന്ത് ചോദിക്കുമെന്ന് കുറേ ആലോചിച്ചു.
ചില കാര്യങ്ങള്‍ ഞാന്‍ ഫോണില്‍ നോട്ട് ചെയ്തിരുന്നു. പക്ഷെ അതിലുണ്ടായിരുന്ന ഒരൊറ്റ കാര്യം പോലും എനിക്ക് മമ്മൂക്കയോട് ചോദിക്കാന്‍ കഴിഞ്ഞില്ല. മമ്മൂക്ക വളരെ ഫ്രന്റ്‌ലി ആയിട്ടായിരുന്നു സംസാരിച്ചത്. ഇടക്ക് എനിക്ക് കട്ടന്‍ ചായ വേണോയെന്നൊക്കെ ചോദിച്ചിരുന്നു.
വളരെ ഫ്രന്റ്‌ലി ആയിട്ടുള്ള സംസാരമായിരുന്നു അന്ന് നടന്നത്. അതുകൊണ്ട് തന്നെ എഴുതി വെച്ച ചോദ്യങ്ങളൊന്നും എനിക്ക് മമ്മൂക്കയോട് ചോദിക്കേണ്ടി വന്നില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു മൊമന്റായിരുന്നു ആ ഇന്റര്‍വ്യു,’ മിയ പറഞ്ഞു.
Content Highlight: Miya George Talks About Her Interview With Mammootty