| Monday, 26th September 2022, 10:08 pm

വെള്ളിമൂങ്ങക്ക് മുകളില്‍ റിപ്പീറ്റ് വാല്യു ഉള്ള പടമായിരിക്കും മേ ഹും മൂസ: മിഥുന്‍ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെള്ളിമൂങ്ങ എന്ന ആദ്യചിത്രത്തിലൂടെ തന്നെ സംവിധാനരംഗത്ത് കഴിവ് തെളിയിച്ച സംവിധായകനാണ് ജിബു ജേക്കബ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രമാണ് മേ ഹും മൂസ. സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്. വെള്ളിമൂങ്ങയയെക്കാളും റിപ്പീറ്റ് വാല്യു ഉള്ള ചിത്രമായിരിക്കും മേ ഹും മൂസ എന്ന് പറയുകയാണ് മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ രമേശ്.

‘പടം മുഴുവന്‍ ഹ്യൂമറാണ്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടയില്‍ ഏറ്റവുമധികം റിപ്പീറ്റ് വാല്യു ഉള്ള ഒരു സിനിമയാണ് വെള്ളിമൂങ്ങ. വെള്ളിമൂങ്ങക്ക് എത്രത്തോളം റിപ്പീറ്റ് വാല്യു ഉണ്ടോ അത്രത്തോളം റിപ്പീറ്റ് വാല്യു ഉള്ള അല്ലെങ്കില്‍ അതിനും മുകളില്‍ റിപ്പീറ്റ് വാല്യു ഉള്ളൊരു പടമായിരിക്കും മേ ഹും മൂസ.

രൂപേഷ് അടുത്ത സുഹൃത്തായതുകൊണ്ടോ അല്ലെങ്കില്‍ ഇതിന്റെ സ്‌ക്രിപ്റ്റ് റൈറ്ററായതുകൊണ്ടോ പറയുകയല്ല. രൂപേഷ് എഴുതിയിരിക്കുന്ന സാധനത്തിന് ഒരുപാട് ലെയേഴ്‌സ് ഉണ്ട്, ഹ്യൂമറില്‍ തന്നെ. കുറച്ച് നേരത്തേക്ക് ചിന്തിച്ച് കഴിഞ്ഞാല്‍ അത് ശരിയാണല്ലോ എന്ന് പറഞ്ഞിട്ട് ചിരിക്കുന്ന സാധനങ്ങളുണ്ട്. ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറെ എലമെന്റ്‌സ് ഉണ്ട്,’ മിഥുന്‍ പറഞ്ഞു.

‘അതുപോലെ തന്നെയാണ് കാസ്റ്റിങ്ങ്. എന്റേത് വളരെ രസമുള്ള കഥാപാത്രമാണ്. സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രമാണ് സുരേഷേട്ടന്റെ കൂടെ ആകെ ഫുള്ളായിട്ട് ചെയ്തിട്ടുള്ള സിനിമ. അത്രയും അടുപ്പമുള്ള വ്യക്തിയാണ്, ചേട്ടന്‍ തന്നെയാണ്. പല ആവശ്യങ്ങള്‍ക്കും വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള കുറച്ച് പേരുണ്ടാകുമല്ലോ, അതിലൊരാളാണ് ചേട്ടന്‍.

ചേട്ടന്റെ കൂടെ നിന്ന് അഭിനയിക്കുന്നത് ഭയങ്കര രസമാണ്. ഫൈറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുരേഷേട്ടന്‍ തരുന്ന ഗൈഡന്‍സ് അത്ഭുതകരമാണ്. ഒരു രക്ഷേമില്ല എന്ന് പറയണം. പക്ഷേ പറഞ്ഞുതരുന്നത് ഒരു ഡോമിനേറ്റിങ് പൊസിഷനില്‍ നിന്നുകൊണ്ടല്ല, വളരെ കറക്റ്റായിട്ട് പുള്ളിയുടെ കൂടെ കൊണ്ടുപോകുന്നതാണെന്ന് തോന്നും,’ മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Mithun Ramesh says Mei Hoom Moosa will be a film with repeat value above Vellimoonga

We use cookies to give you the best possible experience. Learn more