| Monday, 15th June 2020, 9:15 pm

ആട് 2 ഷൂട്ടിംഗ് മുടങ്ങുന്ന അവസ്ഥവന്നു; മറ്റൊരു സംവിധായകനെ കണ്ടെത്തിയിരുന്നു; താന്‍ നേരിട്ട വിഷാദ രോഗം തുറന്നുപറഞ്ഞ് മിഥുന്‍ മാനുവല്‍ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ബോളിവുഡ് താരം സുഷാന്ത് സിംഗ് രജ്പുത്രിന്റെ മരണത്തിന് പിന്നാലെ വിഷാദ രോഗത്തിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. തങ്ങള്‍ അനുഭവിച്ച വിഷാദ രോഗത്തെ പറ്റി നിരവധി പേര്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ താന്‍ അനുഭവിച്ച കടുത്ത വിഷാദ രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ചിന്തകള്‍ കയ്യിലില്ലാതിരുന്നപ്പോള്‍ ചെയ്ത സിനിമയാണ് ആട് 2വെന്നും കടുത്ത മാനസിക വൈഷമ്യങ്ങളെ തുടര്‍ന്ന് ചിത്രം മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായിരുന്നെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മിഥുന്‍.

സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അങ്ങനെ താന്‍ കാരണം പടം മുടങ്ങുന്ന അവസ്ഥ വന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് മറ്റൊരു സംവിധായകനെ കണ്ടെത്തിയിരുന്നെന്നും മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

സുശാന്ത് സിംഗ രജ്പുതിന്റെ മരണത്തെ തുടര്‍ന്നാണ് സ്വന്തം അനുഭവം പങ്കു വയ്ക്കാന്‍ തീരുമാനമെടുക്കുന്നതെന്നും ഒരു ക്രോണിക്ക് ഡിപ്രെഷന്‍ സര്‍വൈവറായ താന്‍ കടന്നു വന്ന വഴികളെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് അവര്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്നും മിഥുന്‍ വീഡിയോയില്‍ പറഞ്ഞു.

ആട് 2 ഷൂട്ട് ചെയ്യുമ്പോള്‍ കടുത്ത മാനസികരോഗം തന്നെ അലട്ടിയിരുന്നുവെന്നും എന്നാല്‍ അതു മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നും മിഥുന്‍ വെളിപ്പെടുത്തി. ‘മരണഭയം, രോഗഭയം, ഷൂട്ട് കുളമാകുമോ എന്നുള്ള ഭയം അങ്ങനെ നിരവധി ഭയങ്ങള്‍ വന്നു കൊണ്ടേയിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഇനി എനിക്ക് ഇതു പറ്റാതെ വന്നാല്‍ മറ്റൊരാളെ കൊണ്ട് സംവിധാനം ചെയ്യിക്കണം എന്നു മനസ്സില്‍ ഉറപ്പിച്ചിരുന്നു. നിര്‍മാതാവിനോട് അന്ന് ഇതു പറഞ്ഞിരുന്നില്ലെന്നും മിഥുന്‍ വെളിപ്പെടുത്തി.

എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുക എന്നതാണ് ഇത്തരം അവസ്ഥകളെ നേരിടാന്‍ ഏറ്റവും നല്ലതെന്നും ഒപ്പം ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതും അത്യാവശ്യമാണെന്നും മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more