| Sunday, 10th December 2023, 1:23 pm

ഞങ്ങള്‍ മൂന്ന് സംവിധായകരും വയനാട്ടുകാരാണ് ; അവിടെ നിന്നും ഒരുപാട് പേര് ഇനിയും വരും: സ്റ്റെഫി സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരാണ് മിഥുന്‍ മാനുവല്‍ തോമസ്, ബേസില്‍ ജോസഫ്, സ്റ്റെഫി സേവ്യര്‍. നിരവധി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഇവര്‍ മൂന്നുപേരും വയനാട് സ്വദേശികളാണ്.

എന്നാല്‍ തനിക്ക് ഇവരെയൊന്നും വയനാട്ടില്‍ നിന്നും പരിചയമില്ലെന്ന് സ്റ്റെഫി സേവ്യര്‍ പറഞ്ഞു. താന്‍ പിന്നീടാണ് ബേസിലിനെ പരിചയപെടുന്നതെന്നും സ്റ്റെഫി പറഞ്ഞു. അതുപോലെ മിഥുന്റെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സ്റ്റെഫി പറയുന്നുണ്ട്. ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്സ് ക്ലബ്ബ്23 എന്ന പരിപാടിയില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു സ്റ്റെഫി.

‘ഞാന്‍ വയനാട് ആയ സമയത്ത് ഇവരെ നേരിട്ട് അങ്ങനെ അറിഞ്ഞിരുന്നില്ല. ഇവിടെ വന്നിട്ടാണ് ബേസിലിനെയാണെങ്കിലും പരിചയപ്പെടുന്നത്. മിഥുന്‍ ചേട്ടന്റെ ആട് 2 , ആന്‍ മരിയ കലിപ്പിലാണ്, അഞ്ചാം പാതിരാ, ഇതെല്ലാം ഞാനാണ് കോസ്റ്റ്യൂം ചെയ്തത്. ബേസിലിനെ ഇവിടെ വന്നതിനുശേഷം അറിയാം. ഇനിയും വയനാട് നിന്ന് ഒരുപാട് പേര് വരും എന്നുള്ള പ്രതീക്ഷയിലാണ്,’ സ്റ്റെഫി പറയുന്നു.

96 സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ അതിലെ ഓരോ ആളുകളില്‍ നിന്നും താന്‍ പഠിച്ചതെല്ലാം മധുര മനോഹരം സിനിമയില്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് സ്റ്റെഫി അഭിമുഖത്തില്‍ പറയുന്നുണ്ട്. ആദ്യ സിനിമ ചെയ്യുമ്പോഴുള്ള ടെന്‍ഷന്‍ എല്ലാം ഉണ്ടായിരുന്നെന്നും സ്റ്റെഫി പറയുന്നുണ്ട്.

‘ഞാന്‍ 96 സിനിമ ചെയ്തപ്പോഴും സെറ്റില്‍ മുഴുവന്‍ സമയവും ഉണ്ടായിട്ടില്ല. കാരണം നമ്മള്‍ കുറെ സമയം പര്‍ച്ചേഴ്‌സും കാര്യങ്ങളുമായിരിക്കും. അതുപോലെ ഒരേസമയം ഒന്നോ രണ്ടോ സിനിമകള്‍ ഒരുമിച്ച് ചെയ്യുന്നുണ്ടാകും. സിനിമ എനിക്ക് അറിയുന്ന ഒരു സ്ഥലമാണ്.

കോളേജ് കഴിഞ്ഞിട്ട് എനിക്കൊരു സോഷ്യല്‍ ലൈഫ് സിനിമയുടെ ചുറ്റുപാടില്‍ നിന്നാണ് കിട്ടിയത്. ഈ ആളുകളെയും ഈ പ്രോസസ്സിനെയും എനിക്കറിയാം. അതിന്റെ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ആദ്യ സിനിമ ചെയ്യുമ്പോള്‍ ഏതൊരാള്‍ക്കും ഉള്ളപോലെ കുറച്ചു ടെന്‍ഷനും അതുപോലെ എക്സൈറ്റ്മെന്റും ഉണ്ടായിരുന്നു.

നമ്മള്‍ കോസ്റ്റ്യൂം ആയതുകൊണ്ട് ചെറിയ ചെറിയ ആളുകളുമായിട്ട് വരെ കമ്മ്യൂണിക്കേറ്റ് ചെയ്യും. അതില്‍ നിന്നും ഓരോ ആളുകളില്‍ നിന്നും ഞാന്‍ പഠിച്ചിട്ടുള്ള എന്തെങ്കിലും ഒന്ന് ഉണ്ടാകും. അതെല്ലാം മധുര മനോഹരം ചെയ്യുമ്പോള്‍ എന്നെ ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്,’ സ്റ്റെഫി പറഞ്ഞു.

content highlights: Mithun Manuel Thomas, Basil Joseph: Filmmakers from Wayanad by Steffi Xavier

We use cookies to give you the best possible experience. Learn more