ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മിഥുന്‍ ചക്രവര്‍ത്തിക്ക്
Film News
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മിഥുന്‍ ചക്രവര്‍ത്തിക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th September 2024, 12:08 pm

ഇന്ത്യന്‍ സിനിമാ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നടനും രാഷ്ട്രീയ നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്ക്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

ഒക്ടോബര്‍ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് തന്റെ എക്സിലെ പോസ്റ്റിലൂടെ കേന്ദ്ര ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് സിനിമ മന്ത്രി അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തിയുടെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

‘മിഥുന്‍ ദായുടെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ വിശിഷ്ടമായ സംഭാവനകള്‍ പരിഗണിച്ച് ഇതിഹാസ നടന്‍ ശ്രീ. മിഥുന്‍ ചക്രവര്‍ത്തി ജിക്ക് പുരസ്‌കാരം നല്‍കാന്‍ ദാദാസാഹേബ് ഫാല്‍ക്കെ സെലക്ഷന്‍ ജൂറി തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ട്. ഒക്ടോബര്‍ എട്ടിന് നടക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും,’ അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചു.

1976ല്‍ മൃണാള്‍ സെന്‍ സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി ബോളിവുഡ് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്.

1982ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ അഭിനയിച്ചിരുന്നു. ഡിസ്‌കോ ഡാന്‍സര്‍ വലിയ ബോക്‌സോഫീസ് വിജയമായി മാറിയിരുന്നു. 1990ല്‍ പുറത്തിറങ്ങിയ അഗ്‌നിപഥ് എന്ന ചിത്രത്തിലെ പ്രകടനവും നിരവധി പ്രശംസകള്‍ നേടിക്കൊടുത്തു. മിഥുന്‍ ചക്രവര്‍ത്തി റിയാലിറ്റി ഷോകളില്‍ ജെഡ്ജായും പ്രത്യക്ഷപ്പെടാറുണ്ട്.

Content Highlight: Mithun Chakraborty to get Dadasaheb Phalke Award