| Saturday, 2nd November 2024, 6:28 pm

'വെട്ടിയെരിഞ്ഞ് മണ്ണില്‍ കുഴിച്ചുമൂടും'; മമതക്കെതിരെ ഭീഷണിയുമായി മിഥുന്‍ ചക്രവര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ വിദ്വേഷ പ്രസംഗവുമായി ബോളിവുഡ് നടനും ബി.ജെ.പി മുന്‍ എം.പിയുമായ മിഥുന്‍ ചക്രവര്‍ത്തി. ടി.എം.സി നേതാവായ ഹുമയൂണ്‍ കബീറിനെതിരെയാണ് മുന്‍ രാജ്യസഭാ അംഗത്തിന്റെ വിദ്വേഷ പരാമര്‍ശം.

‘ഹുമയൂണ്‍ ബംഗാളിലെ ഹിന്ദുക്കളെ നിരന്തരമായി ആക്രമിക്കുന്നു,’ എന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞത്. ബി.ജെ.പി നേതൃത്വത്തിനെതിരെ ഹുമയൂണ്‍ കബീര്‍ വിമര്‍ശനം ഉയര്‍ത്തിയതില്‍ പ്രകോപിതനായാണ് മിഥുന്‍ വിദ്വേഷ പ്രസംഗം നടത്തിയത്.

പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജിക്കെതിരെയും മിഥുന്‍ ചക്രവര്‍ത്തി അധിക്ഷേപം നടത്തുന്നുണ്ട്.

മമത ബാനര്‍ജി

‘ഹുമയൂണിന്റെ പ്രസ്താവനയില്‍ മമത ഒരു അഭിപ്രായം പറയുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അവര്‍ ഒന്നും ഉരിയാടിയില്ല. അതുകൊണ്ട് ഇപ്പോള്‍ ഒരു കാര്യം പറയാം, അവരെ വെട്ടി ഞങ്ങള്‍ മണ്ണിനടിയില്‍ കുഴിച്ചിടും,’ എന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞത്. ബംഗാളില്‍ വെച്ച് നടന്ന ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പരാമര്‍ശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

തങ്ങളുടെ മരങ്ങളില്‍ നിന്ന് ഒരു പഴം മുറിച്ചെടുത്തല്‍, അതിന് പകരമായി നിങ്ങളുടെ മരത്തിലെ നാല് പഴക്കങ്ങള്‍ തങ്ങളും മുറിക്കുമെന്ന് മിഥുന്‍ ചക്രവര്‍ത്തി പ്രസംഗിച്ചു. പവിത്രമായ ഭാഗീരഥി നദിയില്‍ മുസ്‌ലിങ്ങളുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നും അവരുടെ സ്ഥാനം പുറത്താണെന്നും ബി.ജെ.പി മുന്‍ എം.പി പറഞ്ഞു.

സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി നേതാവിന്റെ വിദ്വേഷ പരാമര്‍ശം. എന്നാല്‍ ‘ജയ് ശ്രീറാം’ അടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടി അണികള്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ വിദ്വേഷ പരാമര്‍ശത്തെ പിന്തുണക്കുകയാണ് ചെയ്തത്.

അതേസമയം മിഥുന്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശം ടി.എം.സി നേതാക്കള്‍ തള്ളിക്കളഞ്ഞു. നിസാരമെന്ന് വിശേഷിപ്പിച്ചാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തില്‍ നേതാക്കള്‍ പ്രതികരിച്ചത്.

മിഥുന്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂല്യത്തെയാണെന്ന് ടി.എം.സി ജനറല്‍ സെക്രട്ടറി ജയ് പ്രകാശ് മജുംദാര്‍ പറഞ്ഞു.

വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Content Highlight: Mithun Chakraborty threatened against Mamata

We use cookies to give you the best possible experience. Learn more