| Thursday, 29th November 2018, 10:47 am

ബാഗെടുത്ത് വിരമിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; മിതാലി രാജിനെതിരെ രമേഷ് പവാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബെ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും വിവാദം പുകയുന്നു. വനിതാ ലോകകപ്പ് സെമിയില്‍ വെറ്ററന്‍ താരം മിതാലിയെ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക് മാറുകയാണ്.

മിതാലിയും പരിശീലകന്‍ രമേഷ് പവാറും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ഇന്നലെ പവാറിനെതിരെ പരാതിയുമായി മിതാലി രംഗത്തെത്തിയിരുന്നു. പിന്നാലെ താരത്തിനെതിരെ ആരോപണവുമായി പവാറും ബി.സി.സി.ഐയ്ക്ക് മുന്നിലെത്തി.

ALSO READ: ഞാന്‍ അപമാനിക്കപ്പെട്ടു; മനപ്പൂര്‍വം എന്നെ ഒഴിവാക്കി: പരിശീലകനെതിരെ കടുത്ത ആരോപണവുമായി മിതാലി രാജ്

മിതാലി രാജും താനും തമ്മില്‍ അകല്‍ച്ചയുണ്ടെന്ന് പാവാര്‍ ബി.സി.സി.ഐ അധികൃതര്‍ക്കു മുന്നില്‍ സമ്മതിച്ചു. അതേസമയം, എപ്പോഴും ഒഴിഞ്ഞുമാറുന്ന പ്രകൃതമായതിനാല്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് മിതാലിയെന്നും പാവാര്‍ ആരോപിച്ചു.

ഇംഗ്ലണ്ടിനെതിരായ ലോക ട്വന്റി20 സെമി ഫൈനലില്‍നിന്നു മിതാലിയെ ഒഴിവാക്കുകയും മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ മിതാലി, ട്വന്റി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, കോച്ച് രമേഷ് പാവാര്‍ എന്നിവരോട് ബി.സി.സി.ഐ പ്രത്യേക വിശദീകരണം തേടിയിരുന്നു.

ടൂര്‍ണമെന്റിലെ മോശം സ്‌ട്രൈക്ക് റേറ്റാണ് മിതാലിയെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ കാരണമായി പവാര്‍ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തില്‍ ശക്തരായ ഓസീസിനെതിരെ വിജയിച്ച ടീമിനെ സെമിയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പാവാര്‍ ബി.സി.സി.ഐക്കു മുന്നില്‍ വെളിപ്പെടുത്തി.

ALSO READ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; കാള്‍സണ് നാലാം കിരീടം

ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് താന്‍ വിരമിക്കുമെന്ന് മിതാലി പറഞ്ഞുവെന്നും പവാര്‍ പറയുന്നു.

അതേസമയം, സ്‌ട്രൈക്ക് റേറ്റിന്റെ അടിസ്ഥാനത്തിലാണു മിതാലിയെ ഒഴിവാക്കിയതെങ്കില്‍ പാക്കിസ്ഥാനും അയര്‍ലന്‍ഡിനുമെതിരായ കളികളില്‍ മിതാലിയെ എന്തിന് ടീമില്‍ ഉള്‍പ്പെടുത്തി എന്ന ചോദ്യത്തിനു പാവാറിനു മറുപടി ഉണ്ടായിരുന്നില്ലെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ രണ്ടു മല്‍സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ മിതാലി, പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും നേടിയിരുന്നു.

രമേഷ് പൊവാര്‍ തന്നെ അവഗണിക്കുകയും ആത്മവിശ്വാസം തകര്‍ത്ത് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി മിതാലി ആരോപിച്ചിരുന്നു. ബി.സി.സി.ഐയ്ക്ക് അയച്ച നീണ്ട കത്തിലാണ് പരിശീലകനുമായുള്ള പ്രശ്‌നങ്ങള്‍ മിതാലി എണ്ണിയെണ്ണി വിശദീകരിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more