ഹര്‍മന് ക്യാപ്റ്റനാവാന്‍ യോഗ്യയില്ല; മിതാലിയെ ഒഴിവാക്കിയ നടപടിയില്‍ പൊട്ടിത്തെറിച്ച് മിതാലിയുടെ മാനേജര്‍
Cricket
ഹര്‍മന് ക്യാപ്റ്റനാവാന്‍ യോഗ്യയില്ല; മിതാലിയെ ഒഴിവാക്കിയ നടപടിയില്‍ പൊട്ടിത്തെറിച്ച് മിതാലിയുടെ മാനേജര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 Nov 24, 05:52 am
Saturday, 24th November 2018, 11:22 am

ന്യുദല്‍ഹി: വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ സീനിയര്‍ താരം മിതാലി രാജിനെ ഒഴിവാക്കിയതില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മിതാലിയുടെ മാനേജര്‍ അനീഷ ഗുപ്ത. പക്വതയില്ലാത്ത ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ യോഗ്യയല്ലെന്ന് അനീഷ ഗുപ്ത പറഞ്ഞു.

കാര്യങ്ങളെ വളച്ചൊടിക്കുന്ന ടീമിന് യോജിക്കാത്ത ക്യാപറ്റനാണ് ഹര്‍മന്‍ പ്രീത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിക്കുകളോ ഫോം ഇല്ലായ്മയോ അലട്ടാതിരുന്ന മിതാലിയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇന്ത്യക്കായി ട്വന്റി 20-യില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള മിതാലിയെ റിസര്‍വ് ബെഞ്ചിലിരുത്തിയതിനെതിരേ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. പലരും കടുത്ത ഭാഷയിലാണ് ഈ തീരുമാനത്തെ വിമര്‍ശിച്ചത്.

ഇംഗ്ലണ്ടിനെതിരെ റണ്‍സ് എടുക്കാന്‍ ഇന്ത്യയുടെ വനിതാ താരങ്ങള്‍ പരാജയപ്പെട്ടിരുന്നു. രണ്ടക്കമുള്ള രണ്‍സ് നേടാന്‍ സാധിച്ചത് വെറും നാല് പേര്‍ക്ക് മാത്രമായിരുന്നു. 34 റണ്‍സോടെ സ്മൃതി മന്ഥാനയും 26റണ്‍സ് നേടിയ ജെമീമാ റോഡ്രിഗസും മാത്രമാണ് ചെറിയ ഒരു ചെറുത്ത് നില്‍പ്പെങ്കിലും കാണിച്ചത്.

Read Also : ധോണിയില്‍ നിന്ന് കോഹ്‌ലിക്ക് ഇനിയും പഠിക്കാനുണ്ട്; അഫ്രീദി

മിതാലിയെ പുറത്തിരുത്തിയ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ എന്നിവര്‍ വിമര്‍ശിച്ചിരുന്നു. നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 112 റണ്‍സിന് പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോറ്റത്.

അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മിതാലിയെ ഒഴിവാക്കിയതില്‍ ദുഃഖമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. ഈ തീരുമാനത്തില്‍ കുറ്റബോധമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെമിഫൈനലിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ടീമിനു വേണ്ടിയാണ് മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. ടീം ഒറ്റക്കെട്ടായെടുത്ത തീരുമാനമായിരുന്നു അത്. ചിലപ്പോള്‍ അത് ശരിയാകും ചിലപ്പോള്‍ പാളിപ്പോകാമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ദുഃഖമില്ലെന്നും അവര്‍ വ്യക്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 19.3 ഓവറില്‍ 112 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് വനിതകള്‍ 17.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 17 പന്ത് ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയതീരത്തെത്തുകയായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്.