'നീയെന്താ പോണ്‍ സ്റ്റാറാണോ, ഈ ചിത്രം ഉടനെ ഡിലീറ്റ് ചെയ്യണം'; ഇന്ത്യന്‍ നായിക മിതാലി രാജിനെ സംസ്‌കാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍
Daily News
'നീയെന്താ പോണ്‍ സ്റ്റാറാണോ, ഈ ചിത്രം ഉടനെ ഡിലീറ്റ് ചെയ്യണം'; ഇന്ത്യന്‍ നായിക മിതാലി രാജിനെ സംസ്‌കാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th September 2017, 5:37 pm

മുംബൈ: വനിതാ ക്രിക്കറ്റിനും വനിതാ താരങ്ങള്‍ക്കും രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ആരാധക പിന്തുണ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ വിമര്‍ശകരും കൂടി വരുന്നുണ്ടെന്നതും വാസ്തവമാണ്. വിമര്‍ശകരില്‍ ഏറിയ പങ്ക് ആളുകളും സ്ത്രീ വിരുദ്ധരാണെന്നതും ശ്രദ്ധേയമാണ്. സ്ത്രീ പുരുഷനെപ്പോലെ വസ്ത്രം ധരിക്കുന്നതും ക്രിക്കറ്റ് കളിക്കുന്നതുമൊന്നും ഇഷ്ടമില്ലാത്തവരാണ് ഇക്കൂട്ടര്‍.

അത്തരക്കാരുടെ പുതിയ ഇരയായി മാറിയിരിക്കുന്നത് ഇന്ത്യന്‍ പെണ്‍പുലികളുടെ നായിക മിതാലി രാജാണ്. നേരത്തെ കാലുകള്‍ കാണുന്ന തരത്തില്‍ വസ്ത്രമണിഞ്ഞതിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെയുണ്ടായതിന് സമാനമായ ആക്രമണമായിരുന്നു സൈബര്‍ സഹോദരങ്ങള്‍ ഇന്ത്യന്‍ നായികയ്ക്കു നേരെയും നടത്തിയത്. മിതാലിയുടെ വസ്ത്രം ചൂണ്ടിക്കാണിച്ച് സംസ്‌കാരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരായിരുന്നു സൈബര്‍ സഹോദരന്മാര്‍.


കഴിഞ്ഞ ദിവസം സുഹൃത്തുകള്‍ക്കൊപ്പമുള്ള ചിത്രം മിതാലി ട്വിറ്ററിലൂടെ പങ്കു വെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരത്തെ മര്യാദ പഠിപ്പിക്കാന്‍ സൈബര്‍ ലോകത്തെ ചിലര്‍ രംഗത്തെത്തിയത്. കൈ കാണുന്ന കഴുത്തിന് ഇറക്കം കൂടിയ വസ്ത്രം ധരിച്ചു എന്നതായിരുന്നു മിതാലിയ്‌ക്കെതിരെ ഇത്തരക്കാര്‍ കണ്ടെത്തിയ കുറ്റം.

“നിങ്ങള്‍ക്കൊട്ടും മാന്യതയില്ലേ, നിങ്ങളെന്താ പോണ്‍ സ്റ്റാറാണോ” എന്നായിരുന്നു മിതാലിയുടെ ചിത്രത്തിന് അവൈസ് എന്നയാളുടെ കമന്റ്. ഇത് മോശമാണെന്നും ചിത്രം ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നായിരുന്നു മറ്റൊരുടെ പ്രതികരണം. ഇത്തരത്തില്‍ നിരവധി പേര്‍ താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.


Also Read:  നിങ്ങളുടെ ചാനലില്‍ ജോലി ചെയ്തതില്‍ ഞാന്‍ ലജ്ജിക്കുന്നു; ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ റിപ്പബ്ലിക് ചാനലിന്റെ നിലപാടിനെതിരെ മാധ്യമപ്രവര്‍ത്തക


എന്നാല്‍ മിതാലിയ്ക്ക് ഉപദേശവുമായെത്തിയ സൈബര്‍ സഹോദരന്മാര്‍ക്ക് മറുപടിയുമായി ആരാധകര്‍ രംഗത്തെത്തി. വസ്ത്രം മിതാലിയുടെ ചോയ്‌സ് ആണെന്നായിരുന്നു ആരാധകരുടെ മറുപടി. പുരുഷ ടീം നായകന്‍ വിരാട് കോഹ് ലി വസ്ത്രമഴിച്ചാല്‍ കയ്യടിക്കും വനിതാ ടീം നായിക തന്റെ കൈകള്‍ പുറത്ത് കാണിച്ചാല്‍ അത് പാപമാകും. ഇതെന്ത് മര്യാദ എന്നുമൊക്കെയായിരുന്നു ആരാധകരുടെ പ്രതികരണം.

വിവാദത്തില്‍ മിതാലി ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെ തനിക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിയാള്‍ക്ക് മിതാലി ചുട്ട മറുപടി നല്‍കിയത് വാര്‍ത്തയായിരുന്നു. ഇത്തവണയും വിമര്‍ശകര്‍ക്ക് ഇന്ത്യന്‍ നായിക ചുട്ട മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.