| Tuesday, 27th November 2018, 6:42 pm

ഞാന്‍ അപമാനിക്കപ്പെട്ടു; മനപ്പൂര്‍വം എന്നെ ഒഴിവാക്കി: പരിശീലകനെതിരെ കടുത്ത ആരോപണവുമായി മിതാലി രാജ്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ടി-ട്വന്റി ലോകകപ്പിനിടെ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ മിതാലി രാജ്. ബി.സി.സി.ഐക്ക് അയച്ച കത്തിലാണ് പരിശീലകന്‍ രമേശ് പവാറിനും സി.ഒ.എ. അംഗം ഡയാന എദുല്‍ക്കുമെതിരെ മിതാലി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ടി.20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ കളിപ്പിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി നേടിയ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് മിതാലിയ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും കളിപ്പിക്കാതിരുന്നത്. സെമി തോല്‍വിയെ തുടര്‍ന്ന് വിവാദം പുകയുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുമായി ഇന്ത്യയുടെ വെറ്ററന്‍ താരം രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: പട്ടികളേയും പൂച്ചകളേയും ആഹാരാവശ്യത്തിനായി ഒരു രാജ്യവും കയറ്റി അയക്കുന്നില്ല; ഈജിപ്തിന്റെ നയത്തില്‍ പ്രതിഷേധവുമായി മുഹമ്മദ് സലാഹ്

20 വര്‍ഷം നീണ്ട തന്റെ കരിയറില്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണ്. താന്‍ അപമാനിക്കപ്പെട്ടതായും പുറകില്‍ നിന്ന് വലിച്ചിട്ടതായുമാണ് മിതാലി ഒഴിവാക്കിയ തീരുമാനത്തെകുറിച്ച് വിശദീകരിച്ചത്. അധികാരകേന്ദ്രങ്ങളിലിരിക്കുന്നവര്‍ ഞാന്‍ രാജ്യത്തിനായി നല്‍കിയതൊന്നും വിലകല്‍പിക്കുന്നതായി തോന്നിയില്ല. അവരെന്ന തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ബി.സി.സി.ഐ സി.ഇ.ഒ. രാഹുല്‍ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സബ കരീമിനും അയച്ച കത്തില്‍ മിതാലി പറയുന്നു.

ഡയാന എദുല്‍ജി, രമേശ് പവാര്‍

രമേശ് പവാറിനെതിരെ കടുത്ത വിമര്‍ശങ്ങളാണ് പരാതിയില്‍ മിതാലി രാജ് ഉയര്‍ത്തിയത്. ഞാന്‍ അടുത്തേക്ക് ചെന്നാല്‍ അദ്ദേഹം അവിടെ നിന്ന് മാറിനില്‍ക്കുമെന്നും ഞാന്‍ നെറ്റ്‌സിലെത്തിയാല്‍ എനിക്ക് നിര്‍ദേശം തരാതെ എന്നെ ഒഴിവാക്കുമെന്നും മിതാലി പറഞ്ഞു.

‘അവര്‍ അപമാനിച്ചു, തകര്‍ക്കാന്‍ ശ്രമിച്ചു’ തുറന്നടിച്ച് മിതാലി രാജ്

എന്നാല്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറുമായി പ്രശ്‌നമൊന്നും ഉണ്ടായില്ലെന്ന് കത്തില്‍ പറയുന്നുണ്ട്. എന്നെ പുറത്താക്കാനുള്ള തീരുമാനത്തെ ഹര്‍മന്‍ അനുകൂലിച്ചതൊഴികെ വേറെ അഭിപ്രായവ്യത്യാസമൊന്നും ഇല്ലെന്നും മിതാലി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോകകപ്പ് നേടാനുള്ള ഒരു സുവര്‍ണാവസരമാണ് ഇന്ത്യ നഷ്ടമാക്കിയതെന്നും മിതാലി ഓര്‍മിപ്പിക്കുന്നു.

ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച വിജയം തേടിയെത്തിയ ടീം സെമിയില്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെതിരെയും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

We use cookies to give you the best possible experience. Learn more