മുംബൈ: പരിശീലകന്‍ രമേഷ് പവാറുമായുള്ള പ്രശ്‌നങ്ങളെല്ലാം അടഞ്ഞ അധ്യായമാണെന്ന് ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മിതാലി.
പവാറും മിതാലിയ്‌ക്കൊപ്പമുണ്ടായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് കഴിഞ്ഞ സംഭവത്തെക്കുറിച്ച് ഇനിയും സംസാരിക്കേണ്ടതില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മിതാലിയുടെ പ്രതികരണം.
‘അത് ഇനിയെങ്കിലും നമുക്ക് വിട്ടുകൂടെ? മൂന്നു വര്‍ഷമായി. നിങ്ങളിപ്പോഴും അവിടെ തന്നെ നില്‍ക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ 2021 ലാണ്. വരാനിരിക്കുന്ന പരമ്പരകളിലാണ് ഞങ്ങളുടെ ശ്രദ്ധ,’ മിതാലി പറഞ്ഞു.
ഇത്തരം ചോദ്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കേണ്ടതില്ലെന്നായിരുന്നു പവാറിന്റേയും പരാമര്‍ശം.
‘ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. അല്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ വനിതാ ക്രിക്കറ്റില്‍ എത്തില്ലായിരുന്നു. ഞങ്ങള്‍ക്ക് വലിയ ലക്ഷ്യമുണ്ട്… ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്,’ പവാര്‍ പറഞ്ഞു.
ടീമിനെ വലിയ തലത്തിലേക്കെത്തിക്കാന്‍ തനിക്കും മിതാലിയ്ക്കും ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. ഡബ്ല്യു .വി. രാമനു പകരമാണ് പവാര്‍ വീണ്ടും വനിതാ ടീം പരിശീലകനായത്.
2018 ടി-20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ പുറത്തായിരുന്നു. അന്ന് പവാറായിരുന്നു പരിശീലകന്‍. പുറത്താകലിനു ശേഷം പവാറും മിതാലിയുമായി പരസ്യമായി കൊമ്പുകോര്‍ത്തു.
ഇതിനു പിന്നാലെയാണ് പവാറിനു പകരം ഡബ്ല്യു. വി. രാമനെ ബി.സി.സി.ഐ. പരിശീലകനാക്കിയത്.
2018 ടി-20 ലോകകപ്പ് സെമിഫൈനല്‍ ടീമില്‍ നിന്ന് മിതാലി രാജിനെ പുറത്താക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. പിന്നാലെ, അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മറ്റി അംഗം ഡയാന എഡല്‍ജിയും രമേഷ് പവാറും തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി മിതാലി ബി.സി.സി.ഐക്ക് കത്തയച്ചു.
ഇതോടെ മിതാലിക്കെതിരെ പവാര്‍ ഗുരുതരാരോപണങ്ങള്‍ ഉയര്‍ത്തി. ഓപ്പണിംഗ് സ്ഥാനം നല്‍കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് പവാര്‍ ആരോപിച്ചു. ഈ ആരോപണത്തെ മിതാലി എതിര്‍ത്തു.
നിലവില്‍ ഇന്ത്യയുടെ ടി-20 ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും പവാര്‍ പരിശീലകനാവുന്നതിനെ പിന്തുണച്ചു. പവാറിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ വിവാദങ്ങള്‍ അവസാനിച്ചു. ഇതിന് ശേഷം മിതാലി ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയും ചെയ്തു.