മിതാലിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
Sports
മിതാലിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2019, 11:51 am

വഡോദര: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വിജയം തുടര്‍ന്ന് ഇന്ത്യന്‍ പെണ്‍നിര. ദക്ഷണാഫ്രിക്കയെ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്. അര്‍ധ സെഞ്ച്വറി നേടി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

വഡോദരയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 12 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലായി. അവസാന ഏകദിനത്തില്‍ ജയിച്ചില്ലെങ്കിലും പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക് സ്വന്തമാകും.


ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 48 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

92 പന്തില്‍ ഏഴ് ഫോറുള്‍പ്പെടെ 65 റണ്‍സെടുത്ത  പൂനം റൗത്താണ് കളിയിലെ താരം. 82 പന്തില്‍ എട്ട് ഫോറുള്‍പ്പെട്ടതായിരുന്നു മിതാലിയുടെ ഇന്നിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 69 റണ്‍സെടുത്ത ലൗറ വോല്‍വാര്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ ലിസെല്ലി ലീയും (40) ലൗറ വോല്‍വാര്‍ഡും (69) ചേര്‍ന്ന് 76 റണ്‍സാണ് നേടിയത്.

മധ്യനിരയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഭേദപ്പെട്ട സ്‌കോര്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മിഗ്‌നോന്‍ ഡു പെരേസ് (44), ലാറ ഗുഡാല്‍ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചച്ചു.

ഇന്ത്യക്കുവേണ്ടി ശിഖ പാണ്ഡെ, ഏകതാ ബിഷ്ത്, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

ഒന്നാം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് ജയം നേടിയിരുന്നു. 75 റണ്‍സെടുത്ത പ്രിയ പൂനിയയായിരുന്നു ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 14-നാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ