തോല്‍വി ഭാരം രാജ്യം പങ്കിട്ടെടുക്കുകയായിരുന്നു; ഇനിയാണ് വെല്ലുവിളി: മിതാലി രാജ്
Discourse
തോല്‍വി ഭാരം രാജ്യം പങ്കിട്ടെടുക്കുകയായിരുന്നു; ഇനിയാണ് വെല്ലുവിളി: മിതാലി രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 06, 02:14 pm
Sunday, 6th August 2017, 7:44 pm

പരിഭാഷ: അബിന്‍ പൊന്നപ്പന്‍


ക്രിക്കറ്റ് ബാറ്റും പന്തുമായി ചേട്ടന്മാര്‍ക്കും അനിയന്മാര്‍ക്കുമൊപ്പം മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ തന്നെ അടുക്കളയില്‍ നിന്ന് അമ്മ നീട്ടി വിളിച്ച് പറയും, “അത് ആണ്‍കുട്ട്യോളുടെ കളിയല്ലേ. നീയൊരു പെണ്ണല്ലേ… അടങ്ങിയൊരു മൂലയ്ക്ക് ഇരുന്നൂടേ”. കാലം മാറിയിരിക്കുന്നു. ഇനി കുറേ പെണ്‍കുട്ടികളെങ്കിലും ബാറ്റെടുക്കും ആണ്‍കുട്ടികളേക്കാള്‍ നന്നായി കളിക്കും, രാജ്യത്തെ നീലക്കുപ്പായത്തില്‍ നേട്ടങ്ങള്‍ കൊയ്യും.

മാറ്റത്തിന്റെ ഈ കാറ്റ് കൊണ്ടു വന്നത് വനിതാ ക്രിക്കറ്റ് താരങ്ങളാണ്. മിതാലിയും കൂട്ടരും ലോകകപ്പിന്റെ ഫൈനനലില്‍ പൊരുതി തോറ്റെങ്കിലും ഓരോ ഇന്ത്യന്റേയും മനസില്‍ കീരിടം നേടി കഴിഞ്ഞിരുന്നു. വനിതാ ക്രിക്കറ്റ് ഒരിക്കലുമില്ലാത്ത സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പെണ്‍പുലികളുടെ ചരിത്രനേട്ടത്തിന് ചുക്കാന്‍ പിടിച്ച മിതാലി രാജ് മനസു തുറക്കുകയാണ്.

ക്രിക്കറ്റിനും വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണങ്ങളെക്കുറിച്ചുമെല്ലാം ഡി.എന്‍.എയുടെ സ്‌പോര്‍ട്‌സ് ലേഖകന്‍ ജി.കൃഷ്ണനു നല്‍കിയ അഭിമുഖത്തില്‍ മിതാലി മനസു തുറക്കുകയാണ്.

ലോകകപ്പിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ നാട്ടില്‍ ലഭിച്ച സ്വീകരണത്തെ എങ്ങനെ വിശേഷിപ്പിക്കും ?

സമാനമായ അനുഭവം 2005 ലും ഉണ്ടായിട്ടുണ്ട്. എന്നാലിത് അതിലും ഒരുപാട് വലുതാണ്. 2005 ല്‍ എന്റെ സംസ്ഥാനം മാത്രമേ അനുമോദിച്ചിരുന്നുള്ളൂ. എല്ലാ അനുമോദന ചടങ്ങുകളും സംസ്ഥാനത്തിനുള്ളില്‍ ഒതുങ്ങിയിരുന്നു. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇല്ലാതിരുന്നതും വനിതാ ക്രിക്കറ്റ് ബി.സി.സി.ഐയുടെ കീഴിലല്ലാതിരുന്നതുമായിരുന്നു ആളുകളുടെ ശ്രദ്ധ നേടാന്‍ കഴിയാതെ പോയതിന് പിന്നില്‍. ഇന്ന് അതേ നേട്ടം വലിയൊരു സംഭവമായി മാറിയിരിക്കുന്നു. കാരണം ആളുകള്‍ ഞങ്ങളുടെ മത്സരങ്ങള്‍ കണ്ടു എന്നതു തന്നെയാണ്. ക്രിക്കറ്റ് ഫോളോ ചെയ്യാതിരുന്നവരും വനിതാ ക്രിക്കറ്റ് ഇന്നു വരെ കാണാതിരുന്നവരുമെല്ലാം ലോകകപ്പ് മത്സരങ്ങള്‍ ആകാംഷയോടെ കാണാന്‍ തുടങ്ങി.

സൗത്ത് സെന്‍ട്രല്‍ റെയില്‍വെയുടെ ആദരിക്കല്‍ ചടങ്ങ് ഈയ്യടുത്താണ് കഴിഞ്ഞത്. എന്റെ പല സീനിയര്‍ ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. അവരില്‍ പലരും വനിതാ ക്രിക്കറ്റ് കണ്ടിരുന്നില്ല. പക്ഷെ ഞങ്ങളുടെ കളികള്‍ അവര്‍ കണ്ടിട്ടുണ്ട്. കാഴ്ച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതാണ് മത്സരങ്ങള്‍ തത്സമയ സംപ്രേഷണം നടത്തുന്നതിന്റെ റിസള്‍ട്ട് വ്യക്തമാക്കുന്നത്. ബി.സി.സി.ഐയുടെ കീഴിലാതും ഗുണമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങളുടെ നേട്ടത്തെ അംഗീകരിച്ചതും വലിയ പ്രചോദനമായി. അത് താരങ്ങളിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്.

ഇംഗ്ലണ്ട് പോലൊരു വമ്പന്‍ ടീമിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ഘട്ടം തുടങ്ങാന്‍ കഴിഞ്ഞു എന്നതും സഹായകരമായില്ലേ? പിന്നാലെ പാകിസ്ഥാനേയും പരാജയപ്പെടുത്തിയല്ലോ. അല്ലേ?

സത്യം പറയാലോ, ഇംഗ്ലണ്ടിനെ ഞങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷെ പാകിസ്ഥാനെതിരെ വിജയം നേടാന്‍ ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മറ്റു മത്സരങ്ങള്‍ പോലല്ലത്. ആ മത്സരം കാണാന്‍ ആളുകളുമുണ്ടായിരുന്നു.

1999 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നിലയില്‍, പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ലഭിക്കുമെന്ന് എന്നെങ്കിലും കരുതിയിരുന്നോ?

ഈയ്യൊരു ഘട്ടത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചുണ്ട്. കാണികളെ കൊണ്ട് നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി കളിക്കുക, രാജ്യം മുഴുവന്‍ നമ്മള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രതീക്ഷയോടെ കളിക്കാന്‍ കഴിയുക, പരസ്യങ്ങള്‍ അങ്ങനെ അങ്ങനെ. അവര്‍ ജീവിക്കുന്ന ജീവിതമെന്തെന്ന് അറിയണമെന്നുണ്ടായിരുന്നു. ഇപ്പോ അതൊക്കെ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. നല്ലതോ ചീത്തയോ എന്നറിയില്ല പക്ഷെ മാറ്റം പെണ്‍കുട്ടികള്‍ നന്നായി തന്നെ ആസ്വദിക്കുന്നുണ്ട്.

എങ്ങനെ ഉണ്ടായിരുന്നു ചടങ്ങ് ?

പ്രധാനമന്ത്രിയുടെ അംഗീകാരം നേടുകയെന്നത് അഭിമാനമാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ബി.സി.സി.ഐ ഭാരവാഹികള്‍ എല്ലാവര്‍ക്കുമൊപ്പം ഒരു മണിക്കൂറിലധികം സംസാരിച്ചു. 2005 ല്‍ വെറുമൊരു ഫോര്‍മാലിറ്റി മാത്രമായിരുന്നു. വന്നു ചായ കുടിച്ചു പോയി, അത്ര മാത്രം. മോദി എല്ലാവരുമായി സംസാരിച്ചു. സപ്പോര്‍ട്ട് സ്റ്റാഫിനേയും കണ്ടു. ഫൈനല്‍ അദ്ദേഹം കണ്ടിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഫോര്‍മല്‍ ചടങ്ങു കഴിഞ്ഞും അദ്ദേഹം താരങ്ങളുമായി സംസാരിച്ചു കൊണ്ടിരുന്നു. അത് വളരെ നല്ലൊരു അനുഭവമായിരുന്നു. പ്രധാനമന്ത്രിയുടെ മുന്നിലാണ് നില്‍ക്കുന്നതെന്ന് ഒരിക്കല്‍ പോലും അദ്ദേഹം തോന്നിപ്പിച്ചിരുന്നില്ല. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു അത്. എല്ലാവര്‍ക്കും വളരെ ഇഷ്ടമായി.

തെലുങ്കാന മുഖ്യമന്ത്രി എന്റെ വ്യക്തിഗത പ്രകടനത്തേയും പ്രശംസിച്ച് സംസാരിച്ചിരുന്നു. ഞങ്ങള്‍ റണ്ണര്‍ അപ്പുമാരാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ അദ്ദേഹം പറഞ്ഞത് ആദരിക്കുന്നത് എന്റെ വ്യക്തിഗത നേട്ടത്തെയാണെന്നായിരുന്നു. സാധാരണ തിരക്ക് മൂലം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കും റിവാര്‍ഡ് നല്‍കുക. എന്നാല്‍ അദ്ദേഹം വ്യത്യസ്തനായിരുന്നു. എന്റെ 6000 റണ്‍സിന്റെ റെക്കോര്‍ഡിനെ കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. പ്രത്യേക പരിഗണന ലഭിക്കുന്നത് സുഖമുള്ള കാര്യം തന്നെയാണ്.

ഇത്തരം അംഗീകാരങ്ങളില്‍ ഭ്രമപ്പെടാതെ എങ്ങനെ മുന്നോട്ടു പോകുന്നു? നിങ്ങള്‍ക്ക് അനുഭവസമ്പത്തുണ്ട്. പക്ഷെ പ്രശസ്തിയില്‍ മുഴുകി പോകരുതെന്ന് മറ്റ് താരങ്ങളോട് പറയാറുണ്ടോ?

അവര്‍ക്കത് മനസിലാക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പാണ്. കാര്യങ്ങള്‍ ഇനി കടുപ്പമാകും.കാരണം അത്രയധികം പ്രതീക്ഷയും വര്‍ധിച്ചിരിക്കുന്നു എന്നതാണ്. ഞങ്ങളുടെ നിലവാരമെന്തെന്ന് ആളുകള്‍ കണ്ടതാണ്. ഓരോ താരവും ടീമിന് എന്താണെന്നും അവര്‍ക്കറിയാം. അതുകൊണ്ട് ഞങ്ങള്‍ ശക്തമായി നിരീക്ഷിക്കപ്പെടും. മാനസികമായി കരുത്തു നേടുകയെന്നതാണ് പ്രധാനം. നന്നായി കളിക്കുമ്പോള്‍ ആളുകള്‍ പ്രശംസിക്കും. പക്ഷെ എല്ലാ മത്സരവും ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നുമുണ്ടാകും. അതുകൊണ്ട് വര്‍ക്ക് ഡബ്ബിള്‍ ആക്കണം. വിജയ ശരാശരി ഉയര്‍ത്തണം. വിജയിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ നാള്‍ ആളുകള്‍ ക്രിക്കറ്റിനൊപ്പമുണ്ടാകും. ജയങ്ങള്‍ വനിതാ ക്രിക്കറ്റിന്റേയും മൂല്യമുയര്‍ത്തും. താരങ്ങളെ തേടി സ്‌പോണ്‍സര്‍മാര്‍ വരുന്നതും കൂടും. കൂടുതല്‍ വരുമാനം കണ്ടെത്താനും കഴിയും.

ലോകകപ്പിന് ശേഷം താരങ്ങളുടെ ജീവിതം മാറിയതായി തോന്നുന്നുണ്ടോ?

യുവതാരങ്ങളായ ദീപ്തിയേയും സ്മൃതിയേയും പോലുള്ളവര്‍ക്ക് മാറിയിട്ടുണ്ടാകും. ചെലപ്പോള്‍. പക്ഷെ എനിക്ക് മാറിയിട്ടില്ല. കാരണം ഇത് ഞാന്‍ മുമ്പും കണ്ടിട്ടുള്ളതാണ്. ഹൈദരാബാദിലെത്തിയപ്പോള്‍ അമ്മ ആദ്യം പറഞ്ഞത് ഇനിയെന്നെ ടൂ വീലറില്‍ പുറത്ത് പോകാന്‍ സമ്മതിക്കില്ലെന്നാണ്. ഞാനാരാണെന്നും എവിടെയാണ് താമസമെന്നും ആളുകള്‍ക്കിപ്പോള്‍ അറിയാം. പുറത്തിറങ്ങിയാല്‍ ആളുകള്‍ തടിച്ചു കൂടും. അത്തരം സ്വാതന്ത്രങ്ങള്‍ ചിലപ്പോള്‍ ഇനി ലഭിച്ചെന്നു വരില്ല. പക്ഷെ ഇതൊക്കെ ഉണ്ടായിരുന്നിട്ടും എങ്ങനെയായിരുന്നോ ഞാന്‍ നേരത്തെ ജീവിച്ചിരുന്നത് അതുപോലെ തന്നെ മുന്നോട്ട് പോകാന്‍ ശ്രമിക്കും.

മാധ്യമങ്ങളെ ഭയന്ന് ലോകകപ്പ് ഫൈനലിന്റെ അന്ന് അച്ഛനും അമ്മയും വീടിനുള്ളില്‍ തന്നെയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അത് നേരാണോ?

(ചിരിച്ചു കൊണ്ട്) അങ്ങനെയാണ് അമ്മ പറഞ്ഞത്. വീട്ടിലേക്ക് ഒരുപാട് പേര്‍ വരുമായിരുന്നുവത്രേ. അച്ഛന് കളി കാണണമായിരുന്നു. ആളുകളുടെ വരവ് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു. അതുകൊണ്ട് വീട് പുറത്തു നിന്നും പൂട്ടിയായിരുന്നു അവര്‍ അകത്തിരുന്ന് കളി കണ്ടത്. വരുന്നവര്‍ ആളില്ലെന്ന് കരുതി മടങ്ങിപ്പോകുമല്ലോ?

പിന്നിടെപ്പോഴാണ് അവര്‍ പുറത്തു വന്നത്?

എല്ലാവരും കരുതിയിരുന്നത് ഞങ്ങള്‍ വിജയിക്കുമെന്നു തന്നെയായിരുന്നു. പടക്കം പൊട്ടിക്കാന്‍ തയ്യാറായിട്ടായിരുന്നു അവരെല്ലാം നിന്നിരുന്നത്. തോറ്റപ്പോള്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് അമ്മ പുറത്തേക്ക് വന്നത്. എന്തിനാണ് തോറ്റിട്ടും പടക്കം പൊട്ടിക്കുന്നതെന്നു ചോദിച്ചപ്പോള്‍ നന്നായി കളിച്ചുവെന്നും പൊരുതിയാണ് തോറ്റതെന്നുമായിരുന്നു മറുപടി. അതെനിക്കൊരു വെളിപാടായിരുന്നു. തോല്‍വിയുടെ ഭാരം രാജ്യം മുഴുവന്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഞങ്ങളുടെ പ്രകടനത്തില്‍ അവരെല്ലാം സന്തുഷ്ടരായിരുന്നു.

നിങ്ങളുടെ മുന്‍ സഹതാരവും സുഹൃത്തുമായ നൂഷിന്‍ പറഞ്ഞത് മിതാലി എന്ത് ചിന്തിക്കുന്നുവെന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല എന്നാണ്. ശരിയാണോ?

എനിക്കറിയില്ല. ബി ഇന്‍ ദ മൊമന്റ് ആയിരിക്കാനാണ് ഞാന്‍ നോക്കാറ്. ഒരുപാട് പ്ലാനുകളുണ്ടാകും. കളിക്കളത്തില്‍ ക്യാപ്റ്റനായി ഇറങ്ങുമ്പോള്‍ മനസ് എപ്പോഴും വര്‍ക്ക് ചെയ്ത് കൊണ്ടേയിരിക്കും. ഒട്ടും വിശ്രമിക്കാന്‍ കഴിയില്ല. അടുത്ത നീക്കമെന്തായിരിക്കുമെന്നായിരിക്കും എന്നായിരിക്കും ചിന്ത. അത് വര്‍ക്കൗട്ട് ആയില്ലെങ്കിലോ? പ്ലാന്‍ മാറ്റിയാല്‍ സാഹചര്യവും മാറിയാലോ? എന്നൊക്കെയായിരിക്കും ചിന്ത. കളിക്കാത്തപ്പോള്‍ പോലും അതായിരിക്കും എന്റെ ചിന്ത. ലോകകപ്പ് വലിയ ടൂര്‍ണമെന്റാണ്. ഒന്നര വര്‍ഷമാണ് ഞാനതിനായി മാറ്റിവെച്ചത്. കഠിനാധ്വാനം ചെയ്തു. ഇന്ത്യയുടെ മികച്ച പ്രകടനം എനിക്കുറപ്പു വരുത്തണമായിരുന്നു.

ഏതാണ്ട് എല്ലാം വിചാരിച്ച പോലെ തന്നെ നടന്നു. ലോകകപ്പ് കഴിഞ്ഞതോടെ ആശ്വസമായെന്ന് തോന്നുന്നുണ്ടോ?

ലാസ്റ്റ് സ്‌ട്രെച്ചില്‍ സ്ലിപ്പായിപോയെന്ന് തോന്നുന്നു. താരങ്ങളുടെ പരിചയമില്ലായ്മയാണ് അതിന് കാരണം. അതിനിടയിലും ഫൈനലില്‍ എത്താന്‍ കഴിഞ്ഞു എന്നതു തന്നെ പ്രശംസാര്‍ഹമാണ്. മടക്കയാത്രയില്‍ ഞാന്‍ അതീവ ദു:ഖിതായിരുന്നു. ഒരു ശൂന്യതയായിരുന്നു. ഒരു ടൂര്‍ണമെന്റിനായി സ്വയം സമര്‍പ്പിച്ച് അധ്വാനിക്കുക, പെട്ടെന്ന് അത് അവസാനിക്കുക എന്നു പറയുമ്പോള്‍ ഒരു ശുന്യതയാണ്. ഇനിയെന്തെന്ന് ചോദ്യമുയരുന്നു. പുരുഷന്മാരുടെ ക്രിക്കറ്റിനോട് താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് സമയമുണ്ട്. അവരേപ്പോലെ ബാക്ക് ടു ബാക്ക് പരമ്പരകള്‍ ഞങ്ങള്‍ക്കില്ല.

2017 ലോകകപ്പ് മിതാലായുടേയും ജുലന്റേയും അവസാന ലോകകപ്പായിരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നല്ലോ, അതില്‍ ഉറച്ചു നില്‍ക്കുന്നോ? ഫൈനലിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ 2021 ലും നിങ്ങള്‍ കളിക്കുന്നത് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുമോ?

2021 എന്നത് വളരെ ദൂരെയാണ്. അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ല്‍ കളിക്കാന്‍ കഴിഞ്ഞാല്‍ അത് എനിക്കു തന്നെ അത്ഭുതമായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഫിറ്റായിരിക്കുക എന്നതാണ് പ്രധാനം. 2021 ല്‍ കളിക്കണമെങ്കില്‍ 2018, 2019, 2020 ഒക്കെ കടന്നു പോകണം. 2021 നേക്കാള്‍ പ്രധാനം അതാണ്. ക്വാളിഫയര്‍ കളിക്കാതെ എങ്ങനെ ടീമിന് ഡയറക്ട് എന്ട്രി നേടി കൊടുക്കാം എന്നാണ് ശ്രമിക്കേണ്ടത്. റണ്ണര്‍ അപ്പായ ടീമിന് ആ നിലവാരം നിലനിര്‍ത്തിയേ മതിയാകൂ. അതിന് നന്നായി കളിക്കുന്നത് തുടരണം.

അടുത്ത ലോകകപ്പില്‍ മിതാലിയ്ക്ക് പകരം ആരായിരിക്കണം ടീമിനെ നയിക്കേണ്ടത് എന്നാണ് ആഗ്രഹിക്കുന്നത്?

എനിക്കറിയില്ല. വളരെ ചെറുപ്പത്തിലേ ഞാന്‍ ടീമിനെ നയിക്കാന്‍ തുടങ്ങിയിരുന്നു. ക്യാപ്റ്റന്‍സിയും എന്റെ ബാറ്റിംഗ് കരിയറും പാരലല്‍ ആയിട്ടായിരുന്നു നീങ്ങിയത്. ക്യാപ്റ്റനെന്ന നിലയില്‍ നീണ്ട സമയം ഞാന്‍ കളിച്ചു. അതൊരു പ്ലെയര്‍ എന്ന നിലയില്‍ വളരാന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗര്‍ അടുത്താണ് ട്വന്റി-20 ക്യാപ്റ്റനായത്. ഏകദിനത്തിലും അവള്‍ക്ക് ശോഭിക്കാന്‍ കഴിയും. പക്ഷെ, എനിക്ക് തോന്നുന്നത്, 2021 ആണ് ലക്ഷ്യമെങ്കില്‍ ഭാവിയാകാന്‍ പോകുന്ന ആരെയെങ്കിലും തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ടീമിന് ആത്മവിശ്വാസമുള്ളതും ലോംഗ് കരിയറുള്ളതുമായ ഒരു താരം. ക്യാപ്റ്റന്‍സി ഒരു ഭാരമായി ഒരിക്കലും തോന്നരുത്.

ഈ ഘട്ടം അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് ആരായാലും ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും. അതുകൊണ്ട് നല്ല മനക്കരുത്തുള്ളവളായിരിക്കണം. പ്രശ്‌നങ്ങളിലും ടീമിനെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുന്ന ഒരാളായിരിക്കണം. ആത്മവിശ്വാസമുണ്ടായിരിക്കണം. ചെറുപ്പമായിരിക്കണം. അടുത്ത രണ്ട് ലോകകപ്പിലെങ്കിലും ടീമിനെ നയിക്കാന്‍ കഴിയുന്ന ഒരാളായാല്‍ നന്ന്.

ഒരു പതിറ്റാണ്ടിലേറെയായി നിങ്ങള്‍ ടീമിനെ നയിക്കുന്നു. രണ്ട് ലോകകപ്പ് ഫൈനലിലെത്തി. കരിയറിന്റെ അവസാന കാലത്ത് ക്യാപ്റ്റന്‍സിയുടെ ഭാരമുപേക്ഷിച്ച് ഒരു പ്ലെയര്‍ എന്ന രീതിയില്‍ കളി ആസ്വദിക്കണം എന്നു തോന്നിയിട്ടില്ലേ?

അറിയില്ല. ടീമിന് നയിക്കുന്നത് ആസ്വാദനം കുറയ്ക്കുമെന്ന് തോന്നുന്നില്ല. ടീമിനെ നയിക്കുമ്പോഴുള്ള വെല്ലുവിളികള്‍ ഞാന്‍ ആസ്വദിച്ചിരുന്നു. അതില്ലെങ്കില്‍ പിന്നെ ഞാനില്ല. ഞാനാ സോണില്‍ നിന്നു തന്നെ പുറത്താകും. ഒരു മൂലയ്ക്ക് പുസ്തകവുമായി ഇരിക്കുന്നുണ്ടാകും. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമെന്തെന്ന് എനിക്കറിയാം. എന്നാലും ക്യാപ്റ്റന്‍സിയില്ലെങ്കില്‍ എന്റെ മൈന്‍ഡ് വര്‍ക്ക് ആവില്ല. ക്യാപ്റ്റനാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്വം ഒന്നായിരിക്കും. പിന്നെ എന്തുകൊണ്ടത് ആസ്വദിച്ചു കൂട.

ഏകദിനത്തില്‍ 6000 റണ്‍സ് നേടുന്ന ആദ്യ വനിതാ താരം, ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. എന്തു തോന്നുന്നു?

വ്യക്തിപരമായി പറയുകയാണെങ്കില്‍, പ്രത്യേകിച്ച് പ്രധാന്യമൊന്നുമില്ല. എന്റെ മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും അത് വലിയ കാര്യമാണ്. 6000 റണ്‍സ് നേടണമെന്നോ ചാര്‍ലോട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കണമെന്നോ ആഗ്രഹിച്ചിരുന്നില്ല. ഞങ്ങള്‍ക്കു വേണ്ടി നീ 6000 റണ്‍സ് നേടണമെന്നായിരുന്നു മാതാപിതാക്കളും കോച്ചും പറഞ്ഞിരുന്നത്. 5000, 6000 ഇതൊന്നും എന്റെ ഗോളുകളായിരുന്നില്ല. ബാറ്റുമായി ഇറങ്ങിയാല്‍ റണ്‍സ് നേടിയിരിക്കണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെന്നെ എവിടെ എത്തിക്കുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. മിതാലി ബാറ്റിംഗ് ഇറങ്ങുമ്പോള്‍ അവള്‍ റണ്‍സ് നേടുമെന്ന് ആളുകള്‍ പറയണം.

ശാന്ത രംഗസ്വാമി പറഞ്ഞത് മിതാലി ഉറക്കത്തിലും ബാറ്റ് ചെയ്യുമെന്നാണ്.

ബാറ്റിംഗ് എനിക്ക് ധ്യാനം പോലെയാണ്. ജീവന്‍ രക്ഷിക്കാന്‍ ഇരുന്ന് ധ്യാനിക്കാനൊന്നും എനിക്ക് പറ്റില്ല. ഒരിക്കലും ശ്രമിച്ചിരുന്നില്ല. പക്ഷെ ബാറ്റിംഗിന്റെ കാര്യത്തില്‍ എപ്പോഴും ഫോക്കസ്ഡ് ആയിരിക്കുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തിരുന്നു. അതൊരിക്കലും നഷ്ടമായിരുന്നില്ല. ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ മറ്റെല്ലാം മറക്കും.

ടീം ജയിച്ചാലും തോറ്റാലും വികാരങ്ങള്‍ പുറത്തു കാണിക്കാറില്ല. അതെങ്ങനെ സാധിക്കുന്നു?

ക്യാപ്റ്റനായതിനാല്‍ എനിക്ക് ദു:ഖിച്ചിരിക്കാന്‍ കഴിയില്ല. അടുത്ത നീക്കത്തെ കുറിച്ചായിരിക്കും ചിന്തിക്കേണ്ടത്. അത് ബാറ്റ് ചെയ്യുമ്പോഴാണെങ്കിലും ടീമിന്റെ റിസള്‍ട്ടാണെങ്കിലും. അണ്ടര്‍-16 കളിക്കുന്ന സമയത്ത് അച്ഛന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, 100 റണ്‍സെടുത്താലും പൂജ്യത്തിന് പുറത്തായാലും മുഖത്ത് ഒരേ ഭാവമായിരിക്കണം. സെഞ്ച്വറി അടിക്കുമ്പോള്‍ ബാറ്റുയര്‍ത്തും ഹെല്‍മറ്റ് ഊരും. പൂജ്യമാണെങ്കില്‍ നീ തോളും താഴ്ത്തി പോകും. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സാഹചര്യമെന്താണെങ്കിലും ചിരിക്കണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇന്നും ഫിഫ്റ്റി അടിച്ചാലും സെഞ്ച്വറി അടിച്ചാലും ഞാനധികം എക്‌സൈറ്റഡാകാറില്ല. സാധാരണം സംഭവം മാത്രമാണത്. ചെറുപ്പം മുതലേ ഞാന്‍ രൂപപ്പെടുത്തിയെടുത്തതാണ് ഈ സ്വഭാവം.