'അതേ മോനേ, ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടാണ് ഇന്നിവിടെ വരെ എത്തിയത്'; തന്റെ പരിഹസിക്കാന്‍ ശ്രമിച്ച ആരാധകന് വായടപ്പിക്കുന്ന മറുപടി നല്‍കി മിതാലി രാജ്
Daily News
'അതേ മോനേ, ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടാണ് ഇന്നിവിടെ വരെ എത്തിയത്'; തന്റെ പരിഹസിക്കാന്‍ ശ്രമിച്ച ആരാധകന് വായടപ്പിക്കുന്ന മറുപടി നല്‍കി മിതാലി രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st August 2017, 8:05 pm

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ലോകകപ്പിന്റെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ മിതാലി രാജ് അതോടെ ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലും കേറിപ്പറ്റുകയായിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും പുരുഷതാരങ്ങള്‍ക്ക് നല്‍കുന്ന അതേ ബഹുമാനവും അംഗീകാരവും വനിതാ താരങ്ങള്‍ക്കും നേടികൊടുക്കാന്‍ മിതാലിയ്ക്ക് സാധിച്ചു.

എന്നാല്‍ ചിലര്‍ ഒരിക്കലും നന്നാവില്ലെന്ന ശപഥമെടുത്തിറങ്ങിയിട്ടുണ്ട്. എന്തിലും ഏതിലും കുറ്റവും നെഗറ്റീവും മാത്രം കാണുന്നവര്‍. അത്തരത്തിലൊരാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് മിതാലി. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കാണ് മിതാലി വായടപ്പിക്കുന്ന മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസം ബംഗളൂരിലെ ക്രിക്കറ്റ് സെന്ററിന്റെ ഉദ്ഘാടനത്തിനിടെ എടുത്ത ചിത്രം മിതാലി ട്വിറ്ററിലൂടെ ആരാധകരുമായി പങ്കു വെച്ചിരുന്നു. മിതാലിയ്‌ക്കൊപ്പം സഹതാരങ്ങളായ വേദാ കൃഷ്ണമൂര്‍ത്തിയും മമത മാബേനും നൂഷിന്‍ അല്‍ കദീറും ചിത്രത്തിലുണ്ടായിരുന്നു. ടീമേറ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തെ കുറിച്ചായിരുന്നു മിതാലിയുടെ ട്വീറ്റ്.


Also Read:  ‘പൂ നല്‍കി സ്വീകരിച്ചവര്‍ കുറച്ച് കഴിയുമ്പോള്‍ എന്നെ എങ്ങനെ പിടിച്ചു പുറത്താക്കാം എന്നായിരിക്കും ആലോചിക്കുക’; താന്‍ പിന്തുടരുന്ന മാധ്യമ ധര്‍മ്മങ്ങളെ കുറിച്ച് അര്‍ണബിന്റെ തള്ള് ഇങ്ങനെ


എന്നാലിതിന് ആഷിം ദാസ് ചൗധരിയെന്നയാള്‍ നല്‍കിയ കമന്റ് മിതാലിയെ ബോഡി ഷെയിം ചെയ്യുന്നതായിരുന്നു. മിതാലിയുടെ കക്ഷ്ം വിയര്‍ത്തിരുന്നത് ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്നതായിരുന്നു കമന്റ്. എന്നാല്‍ തന്നെ പരിഹസിക്കാന്‍ ശ്രമിച്ചയാളെ വെറുതെ വിടാന്‍ മിതാലി തയ്യാറായില്ല. നല്ല വൃത്തിയായി തന്നെ അവള്‍ തിരിച്ചടിച്ചു.

ഇന്നീനിലയില്‍ താന്‍ എത്തിയത് ഫീല്‍ഡില്‍ ഒരുപാട് വിയര്‍ത്തിട്ടാണെന്നായിരുന്നു മിതാലിയുടെ മറുപടി. അതുകൊണ്ട് തനിക്ക് നാണക്കേട് തോന്നുന്നില്ലെന്നും മിതാലി പറയുന്നു. പിന്നാലെ താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തി.

നേരത്തെ, ലോകകപ്പിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ആരാണ് ഇഷ്ടപ്പെട്ട പുരുഷതാരമെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ആ ചോദ്യം പുരുഷതാരങ്ങളോട് ചോദിക്കാന്‍ കഴിയുമോ എന്നായിരുന്നു മിതാലിയുടെ പ്രതികരണം. മൈതാനത്ത് കൂളായ മിതാലി നിലപാടിന്റെ കാര്യത്തില്‍ ശക്തയുമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. കളിയില്‍ സച്ചിനേയും ശാന്തതയില്‍ ധോണിയേയും മിതാലി ഓര്‍മ്മിപ്പിക്കുന്നുവെങ്കില്‍ നിലപാടില്‍ ഗാംഗുലിയെയാണ് അവള്‍ ഓര്‍മ്മിപ്പിക്കുന്നത്. അതിലുപരി മിതാലിയെ തന്നെയും.