ചരിത്രം കുറിച്ച് മിതാലി; 200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിത
Cricket
ചരിത്രം കുറിച്ച് മിതാലി; 200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിത
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st February 2019, 2:17 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങിയതോടെ 200 രാജ്യാന്തര ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്.

191 ഏകദിനങ്ങള്‍ കളിച്ച ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിന്റെ റെക്കോര്‍ഡായിരുന്നു മിതാലി തിരുത്തിയത്. ഇന്ത്യന്‍ വനിതാ ടീം ആകെ കളിച്ച 263 ഏകദിനങ്ങളില്‍ 200ലും മിതാലിയുണ്ടായിരുന്നു.

Read Also : നിങ്ങള്‍ എന്താണ് ഒളിക്കുന്നത് ? ബജറ്റ് അവതരിപ്പിക്കുന്നത് ബി.ജെ.പിയുടെ ദേശീയ ട്രഷററോ? ; ബി.ജെ.പി വെബ്‌സൈറ്റിലെ “രഹസ്യം” ചര്‍ച്ചയാക്കി ദിവ്യ സ്പന്ദന

വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച റെക്കോര്‍ഡ് നേരത്തെ മിതാലി സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ്, ഏറ്റവും കൂടുതല്‍ തവണ നായികയായി ടീമിനെ നയിച്ച താരം, ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ മിതാലിയുടെ പേരിലുണ്ട്.

എന്നാല്‍ ഒമ്പത് റണ്‍സ് എടുത്ത് പുറത്തായ മിതാലിക്ക് തന്റെ ഇരുന്നൂറാം ഏകദിനം അവിസ്മരണീയമാക്കാനായില്ല. മത്സരത്തില്‍ എട്ട് വിക്കറ്റിന് ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തി.

അതേസമയം മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ പെണ്‍പുലികള്‍ നേരത്തെ പരമ്പര ഉറപ്പിച്ചിരുന്നു