കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് പാഡഴിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് എന്നല്ല ലോകക്രിക്കറ്റിലെ തന്നെ ലെജന്‍ഡ് എന്ന പദവിക്ക് അര്‍ഹയായ താരമാണ് മിതാലി രാജ് എന്ന് നിസ്സംശയം പറയാം.
തന്റെ കരിയറില്‍ ഒരു വനിതാ ക്രിക്കറ്റര്‍ക്ക് നേടാനാവുന്ന എല്ലാ നേട്ടങ്ങളും തന്റെ പേരിലെഴുതിച്ചേര്‍ത്ത ശേഷമാണ് മിതാലി വീരോചിതമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കരിയറില്‍ നിന്നും പടിയിറങ്ങുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍ നേടുന്ന വനിതാ ക്രിക്കറ്റര്‍, ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍ നേടുന്ന വനിതാ ക്രിക്കറ്റര്‍, ഏറ്റവുമധികം ഏകദിന മത്സരം കളിച്ച വനിതാ ക്രിക്കറ്റര്‍, ഏകദിനത്തില്‍ ഏറ്റവുമധികം 50+ റണ്‍സ് നേടുന്ന വനിതാ ക്രിക്കറ്റര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകളാണ് മിതാലി തന്റെ കരിയറില്‍ നിന്നും സ്വന്തമാക്കിയത്.
കേവലം വനിതാ ക്രിക്കറ്റില്‍ മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റിലും മിതാലി ഒരു റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് ദൈവം എന്ന വിളിപ്പേരുള്ള സച്ചിനെയും ആക്രമണോത്സുക ക്രിക്കറ്റിന്റെ പര്യായമായ ജയസൂര്യയെയും പാകിസ്ഥാന്‍ ലെജന്‍ഡ് മിയാന്‍ദാദിനെയും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഇതിഹാസ പുരുഷന്‍മാരെ പിന്നിലാക്കിയാണ് മിതാലി ആ റെക്കോഡിനുടമയായത്.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം കാലം കളിച്ച താരം എന്ന റെക്കോഡാണ് മിതാലി തന്റെ പേരിലാക്കിയിരിക്കുന്നത്. സച്ചിനെക്കാളും ജയസൂര്യയെക്കാളും മെയ്ന്‍ദാദിനെക്കാളും നീണ്ടുനിന്ന കരിയറാണ് മിതാലിയുടേതെന്ന് അറിയുമ്പോഴാണ് മിതാലിയെ ലെജന്‍ഡ് എന്ന വാക്കുപയോഗിച്ച് വിശേഷിപ്പിച്ചാല്‍ മതിയാവില്ല എന്ന് തോന്നിപ്പോവുന്നത്.
1999 ജൂണ്‍ 26നാണ് മിതാലി തന്റെ ഏകദിന കരിയറിന് തുടക്കം കുറിച്ചത്. 2022 മാര്‍ച്ച് 27ന് തന്റെ അവസാന ഏകദിന മത്സരം കളിക്കുമ്പോള്‍ മിതാലി ഇന്ത്യയ്ക്കായി കളിച്ചുതീര്‍ത്തത് 22 വര്‍ഷവും 274 ദിവസവുമാണ്. ഇക്കാലയളവില്‍ കളിച്ചത് 232 മത്സരവും.
22 വര്‍ഷവും 91 ദിവസവും നീണ്ടുനിന്നതാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഏകദിന കരിയര്‍. 1989 ഡിസംബര്‍ 18ന് ആരംഭിച്ച് 2012 മാര്‍ച്ച് 18നാണ് സച്ചിന്‍ ഏകദിന കരിയര്‍ അവസാനിപ്പിച്ചത്. ഇക്കാലയളവില്‍ 463 ഏകദിനങ്ങളാണ് സച്ചിന്‍ കളിച്ചത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ 21 വര്‍ഷവും 184 ദിവസവുമാണ് തന്റെ ഏകദിന കരിയറിനും രാജ്യത്തിനുമായി മാറ്റി വെച്ചത്. (1989 ഡിസംബര്‍ 26 മുതല്‍ 2011 ജൂണ്‍ 28 വരെ, 445 മത്സരം).
1975 ജൂണ്‍ 11 മുതല്‍ 1996 മാര്‍ച്ച് 9 വരെയുള്ള 20 വര്‍ഷക്കാലയളവിലാണ് (20 വര്‍ഷവും 272 ദിവസവും) പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരം ജാവേദ് മിയാന്‍ദാദ് ഏകദിന ക്രിക്കറ്റില്‍ നിറഞ്ഞുനിന്നത്. 233 മത്സരമാണ് താരം കളിച്ചത്.
എണ്ണം പറഞ്ഞ റെക്കോഡുകള്‍ക്കൊപ്പം മിതാലി രാജ് എന്ന താരം കൂടി പടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നഷ്ടമാണ്. പക്ഷേ താരം കൊളുത്തിവിട്ട ക്രിക്കറ്റ് സ്പിരിറ്റ് നെഞ്ചേറ്റി നിരവധി താരങ്ങളാണ് ഇന്ത്യന്‍ വനിതാ ടീമിനെ മുന്നോട്ട് നയിക്കുന്നത്.
Content highlight: Mithali Raj beats Tendulkar, Jayasuriya and Miandad in ODIs