| Wednesday, 8th June 2022, 3:03 pm

യുഗാന്ത്യം; ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് അന്താരഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ 23 വര്‍ഷം നീണ്ടു നിന്ന കരിയറിനാണ് വിരാമമാവുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് മിതാലി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യം കണ്ട എക്കാലത്തെയും മികച്ച ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്.

16ാം വയസില്‍ തുടങ്ങി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് മിതാലി ഇപ്പോള്‍ അവസാനമിടുന്നത്.

എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു.

നിരവധി റെക്കോഡുകളാണ് മിതാലി 23 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ തന്റെ പേരില്‍ കുറിച്ചിരുന്നത്.

16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ തന്നെ പുറത്താകാതെ 114 റണ്‍സ് നേടിയാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തന്റെ വരവറിയിച്ചത്.

വനിതാ ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമായി 699 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം.

അതേസമയം ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7,805 റണ്‍സാണ് താരം സ്വന്തമാക്കിയത്. വനിതകളുടെ ഏകദിന ചരിത്രത്തില്‍ ഏറ്റവുമധികം റണ്ണടിച്ചുകൂട്ടിയതും മിതാലി തന്നെയായിരുന്നു.

വനിതാ ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2,364 റണ്‍സും പേരിലാക്കി.

Content Highlight: Mithali Raj announces her retirement from international cricket

We use cookies to give you the best possible experience. Learn more