| Wednesday, 9th November 2022, 11:20 pm

വിരാടിന് മാത്രമേ ഇന്ത്യ - പാകിസ്ഥാന്‍ ഫൈനല്‍ സാധ്യമാക്കാന്‍ സാധിക്കൂ; സെമിക്ക് മുമ്പ് വമ്പന്‍ പ്രസ്താവനയുമായി ഇന്ത്യന്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിന് മുമ്പേ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ മിതാലി രാജ്. ഇന്ത്യ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ വിരാട് റണ്‍സ് നേടണമെന്നും അത് വിരാടിന് വ്യക്തമായി അറിയാമെന്നും മിതാലി പറയുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവിലായിരുന്നു മിതാലി ഇക്കര്യം പറഞ്ഞത്. ഇന്ത്യ – പാകിസ്ഥാന്‍ ഫൈനലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മിതാലി ഇക്കാര്യം പറഞ്ഞത്.

‘തീര്‍ച്ചയായും, അത് സംഭവിക്കും. ഇപ്പോഴിതാ പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും, ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ അവരുടെ എ-ഗെയിം തന്നെ പുറത്തെടുക്കണം.

മത്സരം നടക്കുന്നത് ഇതിന് മുമ്പ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രൗണ്ടിലാണ്. വിക്കറ്റ് ഇപ്പോള്‍ കാണുന്നത് പോലെയാണെങ്കില്‍ അത് ഇന്ത്യക്ക് അനുകൂലമായി മാത്രമേ വരൂ,’ മിതാലി പറയുന്നു.

ടൂര്‍ണമെന്റിലുടനീളം വിരാട് നടത്തിയ മികച്ച പ്രകടനത്തെ കുറിച്ചും സെമി ഫൈനലില്‍ വിരാടിന്റെ പ്രകടനം ഇന്ത്യക്ക് എത്രത്തോളം അത്യാവശ്യമാണെന്നും മിതാലി പറഞ്ഞു.

‘എനിക്ക് തോന്നുന്നത് മറ്റാരെക്കാളും ആ പ്രതീക്ഷ അവന്‍ സ്വയം ഏറ്റെടുക്കുമെന്നും ടീമിന് അത്രത്തോളം നിര്‍ണായകമായ നിമിഷത്തില്‍ റണ്‍സ് നേടുമെന്ന് തന്നെയാണ്. പാകിസ്ഥാനെതിരെ മുമ്പ് നടന്ന മത്സരങ്ങളില്‍ അവന്‍ മികച്ച പ്രകടനം തന്നെയായിരുന്നു പുറത്തെടുത്തത്. ടൂര്‍ണമെന്റിലുടനീളം സ്ഥിരത പുലര്‍ത്തി. സെമി ഫൈനലിലും അവന്‍ മികച്ച ഫോം തുടരണം.

ഇന്ത്യ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ അവന്‍ സ്‌കോര്‍ ചെയ്യണം. എനിക്ക് തോന്നുന്നത് അക്കാര്യം അവന് വ്യക്തമായി അറിയാമെന്നാണ്. അവന്‍ സ്ഥിരമായി ചെയ്യുന്നതെന്തോ അതില്‍ ഒരു മാറ്റവും വരുത്താതെ വേണം കളിക്കാന്‍ എന്നാണ് എനിക്ക് തോന്നുന്നത്.

കാരണം അവനില്‍ എല്ലാവരും പ്രതീക്ഷ വെക്കുന്നുണ്ട്, അവന്റെ മേല്‍ സമ്മര്‍ദ്ദമുണ്ട്. ഒരു കളിക്കാരന്‍ എന്ന നിലിയില്‍ ആ സാഹചര്യം എങ്ങനെ നേടിടണമെന്നും റണ്‍സ് നേടണമെന്നും അവനറിയാം എന്ന കാര്യത്തില്‍ എനിക്കുറപ്പാണ്,’ മിതാലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ ആരാധകരുടെ പ്രതീക്ഷയും ഏറിയിരിക്കുകയാണ്. 2007 ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അഡ്‌ലെയ്ഡില്‍ വെച്ചാണ് രണ്ടാം സെമി നടക്കുന്നത്. വിരാട് കോഹ്‌ലിയുടെ ഭാഗ്യ ഗ്രൗണ്ടിലൊന്നാണ് അഡ്‌ലെയ്ഡിലേത്. അഡ്‌ലെയ്ഡില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ 12ലെ മത്സരം. മത്സരത്തില്‍ 44 പന്തില്‍ പുറത്താവാതെ 64 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തില്‍ നെടും തൂണായത് കോഹ്‌ലിയായിരുന്നു. മത്സരത്തിലെ താരവും വിരാട് തന്നെ.

ഇന്ത്യ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍) വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ആര്‍. അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയ്, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍

ഇംഗ്ലണ്ട് സ്‌ക്വാഡ്:

അലക്‌സ് ഹേല്‍സ്, ഡേവിഡ് മലന്‍, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, ലിയാം ഡോവ്‌സണ്‍, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, സാം കറന്‍, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ക്രിസ് ജോര്‍ദന്‍, ഡേവിഡ് വില്ലി, ലൂക് വുഡ്, മാര്‍ക് വുഡ്, റിച്ചാര്‍ഡ് ഗ്ലീസണ്‍, ടൈമല്‍ മില്‍സ്

..

Content Highlight: Mithali Raj about Virat Kohli

We use cookies to give you the best possible experience. Learn more