| Tuesday, 21st September 2021, 12:31 pm

തുടര്‍ച്ചയായ അഞ്ചാം ഫിഫ്റ്റി; 20,000 കരിയര്‍ റണ്‍സ്; ചരിത്രം കുറിച്ച് മിതാലി

സ്പോര്‍ട്സ് ഡെസ്‌ക്

കാന്‍ബറ: സച്ചിനും ദ്രാവിഡിനും കോഹ്‌ലിക്കും ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിതകളുടെ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് മിതാലി.

വനിതകളുടെ ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും സമഗ്രാധിപത്യം മിതാലിയ്ക്കാണ്. ഈ ആധിപത്യം വ്യക്തമാക്കുന്ന പ്രകടനമാണ് മിതാലി ഇപ്പോള്‍ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയുമായി നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍, ആദ്യ മത്സരത്തില്‍ തന്നെ അര്‍ധശതകം പൂര്‍ത്തിയാക്കിയാണ് മിതാലി ഇക്കാര്യം അടിവരയിടുന്നത്.

മക്കായില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാര്‍ കാലിടറി വീണപ്പോള്‍ രക്ഷകയുടെ റോളില്‍ മിതാലി വീണ്ടും തിളങ്ങുകയായിരുന്നു. മിതാലിയുടെ അര്‍ധശതകത്തിന്റെ (107 പന്തില്‍ 61) കരുത്തിലാണ് ഇന്ത്യ 225 റണ്‍സ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാര്‍ ഇരുവരെയും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മിതാലിയും യ്‌സ്തിക് ഭാട്ടിയയും (51 പന്തില്‍ 35) റിച്ചാ ഘോഷും (29 പന്തില്‍ 32) ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മക്കായില്‍ തന്റെ 79ാം അര്‍ധ സെഞ്ച്വറി നേട്ടമാണ് ഓസ്ട്രലിയയ്‌ക്കെതിരെ ആഘോഷിച്ചത്. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് മിതാലി അര്‍ധശതകം പൂര്‍ത്തിയാക്കുന്നത്.

കഴിഞ്ഞ 5 മത്സരങ്ങളില്‍ 75*, 59, 72, 79*, 61 എന്നിങ്ങനെയാണ് മിതാലി റണ്‍സടിച്ച് കൂട്ടിയത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് മിതാലി തന്റെ അര്‍ധ സെഞ്ച്വറി നേടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mithali Creates History, India vs Australia First ODI

We use cookies to give you the best possible experience. Learn more