| Wednesday, 24th January 2018, 5:52 pm

'പുരുഷന്മാരുടെ തെറ്റ് ആവര്‍ത്തിക്കില്ല'; വിരാടിന്റേയും സംഘത്തിന്റേയും മണ്ടത്തരത്തില്‍ നിന്നും പാഠം പഠിച്ച് മിതാലിയുടെ പെണ്‍പട

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി മതിയായ പരിശീലനം നടത്താനുള്ള സമയം ടീമിന് ലഭിച്ചില്ലെന്നും അത് പ്രകടനത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും പരശീലകന്‍ രവി ശാസ്ത്രിയും നായകന്‍ വിരാട് കോഹ് ലിയുമെല്ലാം പറഞ്ഞിട്ടുള്ളതാണ്. വിരാടിന്റേയും സംഘത്തിന്റേയും ഈ തെറ്റില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ വനിതാ താരങ്ങള്‍. അടുത്ത മാസം അഞ്ചാം തിയ്യതി ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി മതിയായ പരിശീലനം നേടാനാണ് ടീമിന്റെ തീരുമാനം.

പരമ്പരയ്ക്ക് നാളുകള്‍ മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയിലെത്തി പരിശീലനം ആരംഭിക്കാനാണ് ടീമിന്റെ തീരുമാനം. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 കളുമാണ് പര്യടനത്തിലുള്ളത്. ഏകദിന ടീമിനെ മിതാലിയും ട്വന്റി-20 ടീമിനെ ഹര്‍മന്‍പ്രീതുമായിരിക്കും നയിക്കുക.

” നേരത്തെ തന്നെ എത്തുന്നത് ഏത് സാഹചര്യത്തിലും സഹായകരമാകും. ലോകകപ്പിന് വളരെ മുമ്പ് തന്നെ ഞങ്ങള്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. നേരത്തെ എത്തിയാല്‍ സാഹചര്യവുമായി പൊരുത്തപ്പെടാനും എഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ പിച്ചുകളെ മനസിലാക്കാനും സാധിക്കും.” മിതാലി പറയുന്നു.

രണ്ട് ന്യൂ ബോളുകളുമായി ഇതാദ്യമായാണ് ടീം കളിക്കുന്നത്. അതുകൊണ്ട് തന്നെ ഫീല്‍ഡിലിറങ്ങും മുമ്പ് തന്നെ ആ സാഹചര്യത്തെയും വരുതിയിലാക്കണമെന്നും മിതാലി പറയുന്നു.

ട്വന്റി-20യില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് സെലക്ഷന്‍ കമ്മറ്റി അറിയിച്ചു. പോയ വര്‍ഷം ഇംഗ്ലണ്ടിന് നടന്ന ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമിനെ മിതാലി രാജാണ് നയിച്ചത്. സ്മൃതി മന്ദാനയാണ് ടീമിന്രെ വൈസ്‌ക്യാപ്റ്റന്‍. 17 വയസ്സുകാരിയായ ജെമിയ റോഡ്രിഗസാണ് ടീമിലെ പുതുമുഖ താരം.

ഇന്ത്യന്‍ ടീം: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, മിതാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ജെമിനാഹ് റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, അനുജ പാട്ടീല്‍, ടാനിയ ഭാട്ടിയ, നുസ്ഹത്ത് പര്‍വീന്‍, പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്വാദ്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജ, രാധ യാദവ്.

We use cookies to give you the best possible experience. Learn more