Sports News
തിരിച്ചടികളുടെ ഘോഷയാത്ര; ഓസ്‌ട്രേലിയയ്ക്ക് വീണ്ടും എട്ടിന്റെ പണി കിട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 12, 03:28 am
Wednesday, 12th February 2025, 8:58 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കൊരുങ്ങുന്ന ഓസ്ട്രേലിയ വമ്പന്‍ തിരിച്ചടികളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്റ്റോയ്നിസിന്റെ വിരമിക്കലിന് പിന്നാലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സൂപ്പര്‍ താരം ജോഷ് ഹെയ്സല്‍വുഡിനും നേരത്തെ ടൂര്‍ണമെന്റ് നഷ്ടമായിരുന്നു.

ശേഷം സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷും പരിക്കിന്റെ പിടിയിലാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും അവസാന ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ്.

2009ല്‍ നേടിയ ട്രോഫി തിരിച്ചു പിടിക്കാനിറങ്ങുന്ന ഓസീസിന്റെ ബൗളിങ് നിര അടിമുടി താളം തെറ്റിയിരിക്കുകയാണ് നിലവില്‍. പ്രധാന ബൗളര്‍മാരായ ഹേസല്‍വുഡും കമ്മിന്‍സിനും പുറമെ സ്റ്റാര്‍ക്കും സ്‌ക്വാഡില്‍ നിന്ന് കുമ്പോള്‍ പ്രതാപം മങ്ങിയ കങ്കാരുപ്പടയെയായിരിക്കും ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കുക.

Mitchell Starc, Pat Cummins, Josh Hazelwood, Mitchell Marsh

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ഒടുക്കത്തില്‍ കണങ്കാലിന് പരിക്കേറ്റ കമ്മിന്‍സ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഹിപ്പ് ഇന്‍ജുറിയാണ് ഹെയ്സല്‍വുഡിനെ വലച്ചിരിക്കുന്നത്. നിലവില്‍ കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുക സ്റ്റീവ് സ്മിത്താണ്.

നിലവില്‍ സ്റ്റാര്‍ക്ക് പുറത്തായതിന്റെ കാരണങ്ങളെ കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അവസാനിച്ചതോടെ നാട്ടിലേക്ക് തിരിച്ചുപോയതായിട്ടാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയ സ്‌ക്വാഡ്

സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), സീന്‍ എബ്ബോട്ട്, അലക്‌സ് കാരി, ബെന്‍ ഡ്വാര്‍ഷ്യസ്, നഥാന്‍ എല്ലിസ്, ജാക് ഫ്രേസര്‍ മക്ഗര്‍ക്, ആരോണ്‍ ഹാഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മാര്‍നസ് ലബുഷാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, തന്‍വീര്‍ സങ്ക, മാത്യു ഷോട്ട്, ആദം സാംപ

Content Highlight: Mitchell Strac Ruled out of ICC Champions Trophy 2025