| Sunday, 9th July 2023, 5:29 pm

ഇതുപോലുള്ള പരീക്ഷണവുമായി എന്റെയടുത്തേക്ക് വന്നേക്കരുതെന്ന് പറഞ്ഞതുപോലെ... ഇത് സ്റ്റാര്‍ക്കിന്റെ തേരോട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് പതറുന്നു. നാലാം ദിവസം കളിയാരംഭിച്ചതിന് പിന്നാലെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ത്രീ ലയണ്‍സിന് നഷ്ടമായത്. പരമ്പരയിലേക്ക് തിരിച്ചുവരാനുള്ള ഏറ്റവും നല്ല അവസരത്തിലാണ് ഇംഗ്ലണ്ട് കളിമറക്കുന്നതെന്നാണ് ആരാധകരെ ഏറ്റവുമധികം നിരാശരാക്കുന്നത്.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 27 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നൂറ് റണ്‍സ് തികയ്ക്കും മുമ്പേ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി. ഇതിന് പുറമെ മോയിന്‍ അലിയെ ടോപ് ഓര്‍ഡറില്‍ കളിപ്പിച്ചുള്ള ഇംഗ്ലണ്ടിന്റെ പരീക്ഷണവും അമ്പേ പാളി.

ടീം സ്‌കോര്‍ 42ല്‍ നില്‍ക്കവെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 31 പന്തില്‍ നിന്നും 23 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിനെയാണ് ത്രീ ലയണ്‍സിന് ആദ്യം നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്താകുന്നത്.

വണ്‍ ഡൗണായി ഹാരി ബ്രൂക്കിനെ പ്രതീക്ഷിച്ച ഇംഗ്ലണ്ട് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ച് മോയിന്‍ അലിയാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയത്. അലിയുടെ ആങ്കറിങ് ഇന്നിങ്‌സ് ഇന്നിങ്‌സ് പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് പിഴച്ചു.

ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ 15 പന്ത് നേരിട്ട് അഞ്ച് റണ്‍സില്‍ ക്ലീന്‍ ബൗള്‍ഡായി മോയിന്‍ അലി മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കാണ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

പിന്നാലെ 55 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുമായി 44 റണ്‍സ് നേടിയ സാക്ക് ക്രോളിയുടെ വിക്കറ്റും ടീമിന് നഷ്ടമായി. മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

നിലവില്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ 115ന് മൂന്ന് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 22 പന്തില്‍ നിന്നും 17 റണ്‍സുമായി ഹാരി ബ്രൂക്കും 29 പന്തില്‍ 16 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കെ 136 റണ്‍സാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ ആവശ്യമായുള്ളത്.

ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പരയില്‍ സജീവമായി തുടരാന്‍ സാധിക്കും.

Content highlight: Mitchell Stark dismiss Moeen Ali and Ben Duckett

We use cookies to give you the best possible experience. Learn more