| Thursday, 21st March 2024, 12:15 pm

24.75 കോടിക്ക് വാങ്ങിയ സ്റ്റാര്‍ക്കിനെ റിങ്കു അടിച്ച് ചെണ്ടയാക്കി; പരിശീലന മത്സരത്തിന്റെ വീഡിയോ വൈറല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകര്‍ ഏറെ കാത്തിരുന്ന ഐ.പി.എല്ലിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നതിന് ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഉദ്ഘാടന മത്സരം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്.

ഐ.പി.എല്ലിന് വേണ്ടി 10 ഫ്രാഞ്ചൈസികളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ പല ടീമുകളും പരിശീലന മത്സരത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു. അത്തരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലന മത്സരത്തിന്റെ വീഡിയോയും വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. 2024 സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപക്കാണ് ഓസ്‌ട്രേലിയന്‍ പേസ് ബൗളറെ സ്വന്തമാക്കിയത്. എന്നാല്‍ ഇത്രയും വിലയേറിയ താരത്തെ പരിശീലന മത്സരത്തില്‍ റിങ്കു സിങ് അടിച്ചു പരത്തുന്ന വീഡിയോ ആണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

എക്‌സ്ട്രാ കവറിലേക്ക് തകര്‍പ്പന്‍ ബൗണ്ടറിയും ലെഗ് സൈഡില്‍ കിടിലന്‍ സിക്‌സറും വീശിയാണ് റിങ്കു സ്റ്റാര്‍ക്കിനെ അടിച്ചു ചെണ്ടയാക്കിയത്.

ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തിലാണ് പുതിയ സീസണില്‍ കൊല്‍ക്കത്ത കളത്തില്‍ ഇറങ്ങാനിരിക്കുന്നത്. എന്നാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയ താരത്തിനെ അടിച്ചു തകര്‍ക്കാന്‍ മറ്റു ഫ്രാഞ്ചൈസികളിലും തകര്‍പ്പന്‍ ബാറ്റര്‍മാരുണ്ട്. സീസണ്‍ തുടങ്ങിക്കഴിഞ്ഞാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാവി എന്താണെന്ന് കണ്ടറിയേണ്ടതുണ്ട്.

Content Highlight: Mitchell Starc was beaten by Rinku Singh in a practice match

We use cookies to give you the best possible experience. Learn more