| Thursday, 22nd June 2023, 11:05 pm

പങ്കാളിയുടെ ബാറ്റിങ് കാണാന്‍ ക്യൂവില്‍ നിന്നയാളെ കണ്ട് ഞെട്ടി ആരാധകര്‍; അവള്‍ ക്യാപ്റ്റന്‍സിയില്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍ വരാതിരിക്കുന്നതെങ്ങിനെ

സ്പോര്‍ട്സ് ഡെസ്‌ക്

ചരിത്രപ്രസിദ്ധമായ ആഷസിന്റെ 73ാം എഡിഷന് എഡ്ജ്ബസ്റ്റണില്‍ തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ് 1-0ന്റെ ലീഡ് നേടുകയും ചെയ്തു.

ആഷസിനൊപ്പം തന്നെ വനിതാ ആഷസിനും ഇംഗ്ലണ്ട് വേദിയാകുന്നുണ്ട്. ട്രെന്റ് ബ്രിഡ്ജിലാണ് വനിതാ ആഷസിലെ ആദ്യ മത്സരം നടക്കുന്നത്. ചിരവൈരികളായ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും പോരാട്ടം കാണാന്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ആരാധകര്‍ക്ക് പരിചിതമായ ഒരു മുഖം ശ്രദ്ധയില്‍പ്പെട്ടത്. മത്സരം കാണാനായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന ആളിലേക്കാണ് ആരാധകരുടെ ശ്രദ്ധപതിഞ്ഞത്.

ഓസീസിന്റെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ആദ്യ ടെസ്റ്റിലെ ആദ്യ ദിനം ട്രെന്റ് ബ്രിഡ്ജിലെത്തിയത്. ഓസീസ് ടീമിനൊപ്പം തന്റെ പങ്കാളി അലീസ ഹീലിയെയും സപ്പോര്‍ട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സ്റ്റാര്‍ക് ട്രെന്റ് ബ്രിഡ്ജിലെത്തിയത്.

മത്സരത്തില്‍ ക്യാപ്റ്റന്റെ റോളിലാണ് ഹീലിയിറങ്ങിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ക്യാപ്റ്റനായുള്ള ഹീലിയുടെ ആദ്യ മത്സരമാണിത്. മെഗ് ലാനിങ്ങിന്റെ അഭാവത്തിലാണ് ഹീലി ക്യാപ്റ്റന്‍സിയേറ്റെടുത്തത്.

മത്സരം കാണുന്നതിന് വരിയില്‍ നില്‍ക്കുന്ന സ്റ്റാര്‍ക്കിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യ ദിനം ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ ഓസീസ് 66 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണ് നേടിയിരിക്കുന്നത്. അര്‍ധ സെഞ്ച്വറി തികച്ച എലിസ് പെറിയുടെയും താലിയ മഗ്രാത്തിന്റെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് ഓസീസ് സ്‌കോര്‍ ഉയര്‍ത്തിയത്.

എലിസ് പെറി 99 റണ്‍സ് നേടി പുറത്തായപ്പോള്‍, മഗ്രാത് 61 റണ്‍സും നേടി.

ക്യാപ്റ്റന്റെ റോളിലെത്തിയ ഹീലിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. സോഫി എക്കല്‍സ്റ്റോണിന്റെ പന്തില്‍ സില്‍വര്‍ ഡക്കായാണ് താരം പുറത്തായത്.

നിലവില്‍ 18 പന്തില്‍ നിന്നും 15 റണ്‍സ് നേടിയ അന്നബെല്‍ സതര്‍ലാന്‍ഡും 26 പന്തില്‍ നിന്നും 12 റണ്‍സുമായി ആഷ്‌ലീഗ് ഗാര്‍ഡ്‌നറുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിനായി സോഫി എക്കല്‍സ്റ്റോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലോറന്‍ ഫീലര്‍ രണ്ടും കേറ്റ് ക്രോസ് ഒരു വിക്കറ്റും വീഴ്ത്തി.

Content highlight:  Mitchell Starc waits in queue ahead of Women’s Ashes

We use cookies to give you the best possible experience. Learn more