| Wednesday, 21st August 2024, 9:17 pm

ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് ആഷസിന് തുല്ല്യമാണ്, ഞങ്ങള്‍ ട്രോഫി ഉയര്‍ത്തും: മിച്ചല്‍ സ്റ്റാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ്. പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും. ഇപ്പോള്‍ പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സംസാരിച്ചിരിക്കുകയാണ്. താന്‍ ഇന്ത്യയുമായുള്ള പരമ്പരയ്ക്ക് കാത്തിരിക്കുകയാണെന്നും പരമ്പരയില്‍ വിജയിച്ച് ട്രോഫി നേടുമെന്നുമാണ് സ്റ്റാര്‍ക്ക് പറഞ്ഞിരിക്കുന്നത്.

‘ടെസ്റ്റ് ക്രിക്കറ്റിനാണ് എപ്പോഴും എന്റെ മുന്‍ഗണന. ഞങ്ങള്‍ ഇന്ത്യയോട് അഞ്ച് ടെസ്റ്റുകളും ശ്രീലങ്കയില്‍ രണ്ട് ടെസ്റ്റുകളും കളിക്കും. ഈ രണ്ടു മത്സരങ്ങളുടെയും ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,

ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് ആഷസിനു തുല്യമാണ്. പരമ്പര വിജയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ശക്തമായ ടീമാണെന്ന് ഞങ്ങള്‍ക്കറിയാം. നിലവില്‍ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ്. കളിക്കാര്‍ക്കും ആരാധകര്‍ക്കും ആവേശകരമായ പരമ്പര ആയിരിക്കും ഇത്. ജനുവരി എട്ടിന് ഞങ്ങള്‍ ട്രോഫി ഉയര്‍ത്തും,’ അദ്ദേഹം വൈഡ് വേള്‍ഡ് ഓഫ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയും ഇന്ത്യയാണ് സ്വന്തമാക്കിയത്. ഈ തവണകൂടെ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ മൂന്നാം തവണയും ഓസീസിന്റെ മണ്ണില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കും. മാത്രമല്ല ഓസീസിനെതിരെയുള്ള തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റില്‍ വിജയിക്കാനുള്ള അവസരവുമാണ് മുന്നിലുള്ളത്.

Content Highlight: Mitchell Starc Talking About Test Matches Against India

We use cookies to give you the best possible experience. Learn more