ലോകകപ്പിന് മുമ്പ് ടി-20യില്‍ വ്യക്തമായ മേധാവിത്വമുറപ്പിക്കാന്‍ ഓസ്‌ട്രേലിയ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഓസ്‌ട്രേലിയ വിജയമാഘോഷിച്ചത്.
രണ്ട് മത്സരങ്ങടങ്ങിയ പരമ്പരയില്‍ ഒരിടത്ത് പോലും മേല്‍ക്കൈ നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനെ കങ്കാരുക്കള്‍ അനുവദിച്ചിരുന്നില്ല.
ഗാബയില്‍ നടന്ന രണ്ടാം ടി-20യില്‍ ടോസ് നേടിയ വിന്‍ഡീസ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ കരുത്തില്‍ ഓസീസ് താരതമ്യേന മികച്ച സ്‌കോറിലെത്തി.
41 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കമായിരുന്നു വാര്‍ണറിന്റെ ഇന്നിങ്‌സ്. വാര്‍ണറിന് പുറമെ 20 പന്തില്‍ നിന്നും 42 റണ്‍സുമായി ടിം ഡേവിഡും മികച്ച പിന്തുണ നല്‍കി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് ഓസീസ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ജോണ്‍സണ്‍ ചാള്‍സും ബ്രാന്‍ഡന്‍ കിങ്ങും അകീല്‍ ഹൊസൈനും പൊരുതി നോക്കിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.
നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് വിന്‍ഡീസ് 174 റണ്‍സ് മാത്രം നേടിയതോടെ ഓസീസ് 31 റണ്‍സിന്റെ വിജയവും ഒപ്പം പരമ്പര നേട്ടവും ആഘോഷിച്ചു.
രണ്ടാം മത്സരത്തില്‍ കങ്കാരുക്കളുടെ വിജയത്തേക്കാള്‍ ആരാധകര്‍ ഏറെ ആഘോഷമാക്കുന്നത് മത്സരത്തില്‍ വിന്‍ഡീസ് താരം കൈല്‍ മയേഴ്‌സിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ക്യാച്ചായിരുന്നു. അഞ്ച് പന്തില്‍ നിന്നും ആറ് റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു സ്റ്റാര്‍ക്ക് മയേഴ്‌സിനെ പുറത്താക്കിയത്.
ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ നീളന്‍ റണ്‍ അപ്പുമായി ഓടിയടുത്ത സ്റ്റാര്‍ക്ക് എണ്ണം പറഞ്ഞ ഒരു യോര്‍ക്കറായിരുന്നു മയേഴ്‌സിനെ പരീക്ഷിക്കാന്‍ എറിഞ്ഞത്. ഒരു സ്‌ട്രെയ്റ്റ് ഷോട്ട് കളിക്കാനായിരുന്നു താരത്തിന്റെ ശ്രമം. എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ട് കണ്ണടച്ച് തുറക്കും മുമ്പ് തന്നെ റിട്ടേണില്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുക്കുന്ന കാഴ്ചയായിരുന്നു ഗാബ കണ്ടത്.
താരം മയേഴ്‌സിനെ പുറത്താക്കിയ കാഴ്ച കണ്ട് കമന്റേറ്റര്‍മാര്‍ പോലും അത്ഭുതപ്പെട്ടുപോയിരുന്നു. ക്യാച്ചിന് പിന്നാലെയുള്ള അവരുടെ അമ്പരപ്പ് കമന്ററിക്കിടെ വ്യക്തമായിരുന്നു.
മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്ക് വെറും 20 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. മയേഴ്‌സിന് പുറമെ വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍, ജേസണ്‍ ഹോള്‍ഡര്‍, ഓഡിയന്‍ സ്മിത്ത് എന്നിവരാണ് സ്റ്റാര്‍ക്കിന് മുമ്പില്‍ വീണത്.
വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ തന്നെ പേടിച്ചേ മതിയാവൂ എന്ന മെസേജ് ഓരോ ബാറ്റര്‍മാര്‍ക്കും നല്‍കിക്കൊണ്ടാണ് സ്റ്റാര്‍ക്ക് പരമ്പരയില്‍ തിളങ്ങിയത്.