| Friday, 30th March 2018, 8:06 pm

9.4 കോടി രൂപ നല്‍കി കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഐ.പി.എല്ലിനുണ്ടാവില്ല; പകരം താരത്തെ നിര്‍ദേശിച്ച് ഹര്‍ഷ ബോഗ്‌ലെ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യുദല്‍ഹി: പരിക്കേറ്റ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന് ഇത്തവണത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും എന്ന വാര്‍ത്ത പുറത്ത് വരുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ തിരച്ചടിയാവുക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റാര്‍ക്കിനെ 9.4 കോടി രൂപ നല്‍കിയാണ് ഈ വര്‍ഷത്തെ ഐ.പി.എല്‍ ലേലത്തില്‍ നിന്ന് കൊല്‍ക്കത്ത സ്വന്തമാക്കിയത്. താരത്തിന്റെ പിന്മാറ്റം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അപ്രതീക്ഷിത ഷോക്കായിരിക്കുകയാണ്. ഏപ്രില്‍ എട്ടിന് ആര്‍.സി.ബിക്ക് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

മിച്ചല്‍ സ്റ്റാര്‍ക്കും, മിച്ചല്‍ ജോണ്‍സണുമായിരുന്നു ഈ സീസണിലെ കൊല്‍ക്കത്തന്‍ ബോളിംഗ് പ്രതീക്ഷകള്‍. സ്റ്റാര്‍ക്ക് പുറത്താവുന്നതോടെ ടീമിലെ ജോണ്‍സന്റെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. അതേ സമയം സ്റ്റാര്‍ക്കിന് പകരക്കാരനെ ടീമിലെത്തിക്കാനുള്ള അവസരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നിലുണ്ട്. സ്റ്റാര്‍ക്കിന് പകരം കൊല്‍ക്കത്ത ആരെ ടീമിലെത്തിക്കണമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ക്രിക്കറ്റ് വിദഗ്ദന്‍ ഹര്‍ഷ ബോഗ്‌ലെ.


Read Also : രാജ്യം അപൂര്‍വ്വ നടപടിയിലേക്ക്; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ തിങ്കളാഴ്ച്ച നോട്ടീസ് നല്‍കും


ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ മോര്‍നെ മോര്‍ക്കലിനെയായാണ് സ്റ്റാര്‍ക്കിന് പകരക്കാരനായി ഹര്‍ഷ ഭോഗ്ലെ നിര്‍ദ്ദേശിക്കുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന് ശേഷം മോര്‍ക്കല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നതും, സീസണ്‍ മുഴുവന്‍ അദ്ദേഹത്തിന്റെ സേവനം കൊല്‍ക്കത്തയ്ക്ക് പ്രയോജനപ്പെടുത്താമെന്നതും ദക്ഷിണാഫ്രിക്കന്‍ താരത്തിന് അനുകൂല ഘടകമാണ്. ഇതിനൊപ്പം നിലവില്‍ മികച്ച ഫോമിലുമാണ് താരം. ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ 9 വിക്കറ്റ് വീഴ്ത്തിയ മോര്‍ക്കലിന്റെ ബോളിംഗ് മികവിലായിരുന്നു ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തകര്‍ത്തത്.


Read Also : ‘ദൗര്‍ഭാഗ്യകരമാണ്, പക്ഷേ ഇതൊന്നും ഐ.പി.എല്ലിനെ ബാധിക്കില്ല’; ആര്‍.സി.ബി കപ്പുയര്‍ത്തുന്നതിനെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും പാര്‍ഥീവ് പട്ടേല്‍


അതേസമയം പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തെ തുടര്‍ന്ന് സ്മിത്തും വാര്‍ണറും ഇത്തവണത്തെ ഐ.പി.എല്ലിനുണ്ടാവില്ലന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്റ്റാര്‍ക്കും ഉണ്ടാവില്ല എന്നത് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്നു സ്റ്റാര്‍ക്ക്. 27 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന 34 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളെടുത്ത സ്റ്റാര്‍ക്കിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more