ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാളും ഓസ്‌ട്രേലിയന്‍ വെറ്ററന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. മൈന്‍ഡ് ഗെയ്മിലൂടെ അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ച സ്റ്റാര്‍ക്കിന് രണ്ടാം ഇന്നിങ്‌സില്‍ തക്കതായ മറുപടിയാണ് ജെയ്‌സ്വാള്‍ നല്‍കിയത്.
ഓസ്‌ട്രേലിയ കണ്ട എക്കാലത്തെയും മികച്ച പേസറായ സ്റ്റാര്‍ക്കിന്റെ മുഖത്ത് നോക്കി പന്തിന് വേഗത പോരാ എന്ന് പറഞ്ഞ ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ജെയ്‌സ്വാളിനെ പ്രശംസിക്കുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. ജെയ്‌സ്വാള്‍ ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ കളിക്കുമെന്നും മികച്ച താരങ്ങളില്‍ ഒരാളായി മാറുമെന്നും സ്റ്റാര്‍ക്ക് പറയുന്നു.
‘അവന്‍ ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ കളിക്കും. മികച്ച താരമായി വളരുകയും ചെയ്യും. അവന്‍ വളരെ, വളരെ മികച്ച പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തെടുത്തത്. സാഹചര്യങ്ങള്‍ക്കൊത്ത് അഡാപ്റ്റ് ചെയ്യുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ അവനെ വളരെ പെട്ടെന്ന് തന്നെ പുറത്താക്കി എന്നത് ശരി തന്നെയാണ്, എന്നാല്‍ അടുത്ത ഇന്നിങ്‌സില്‍ അവന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും മികച്ച ഇന്നിങ്‌സ് പുറത്തെടുക്കുകയും ചെയ്തു.
എല്ലാ ക്രെഡിറ്റും അവന് മാത്രമുള്ളതാണ്. ലോകമെമ്പാടുമുള്ള യുവ ക്രിക്കറ്റര്‍മാരില്‍ ഭയമേതുമില്ലാതെ ബാറ്റ് വീശുന്ന താരങ്ങൡ ഒരാളാണ് അവന്‍. ഇതുപോലെ ഒരാളെയാണ് അഡ്‌ലെയ്ഡില്‍ ഞങ്ങള്‍ കാത്തിരിക്കുന്നത്,’ സ്റ്റാര്‍ക്ക് പറഞ്ഞു.
പെര്‍ത്തിലെ ആദ്യ ഇന്നിങ്‌സില്‍ എട്ട് പന്ത് നേരിട്ട ജെയ്‌സ്വാളിന് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലാണ് താരം പുറത്തായത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റിയ ജെയ്‌സ്വാള്‍ ഓസ്‌ട്രേലിയയുടെ ഉരുക്കുകോട്ടയായ പെര്‍ത്തില്‍ തന്റെ വീരചരിതം രചിക്കുകയായിരുന്നു.
15 ഫോറും മൂന്ന് സിക്‌സറുമായി 297 പന്ത് നേരിട്ട താരം 161 റണ്‍സും സ്വന്തമാക്കി. ഇതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താവുകയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും ചെയ്ത താരങ്ങളുടെ ലിസ്റ്റിലടക്കം കയറിപ്പറ്റി നിരവധി റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു.
ജെയ്‌സ്വാളിന്റെ പ്രകടനത്തെ കുറിച്ചും സ്റ്റാര്‍ക്കിന് നല്‍കിയ മറുപടിയെ കുറിച്ചും മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ ക്രിക്കറ്ററുമായ അലസ്റ്റര്‍ കുക്ക് സംസാരിച്ചിരുന്നു. ഈ പ്രായത്തില്‍ സ്റ്റാര്‍ക്കിനെ വെല്ലുവിളിക്കാന്‍ ചില്ലറ ധൈര്യം പോരെന്നും താനായിരുന്നെങ്കില്‍ അതിന് മുതിരില്ല എന്നുമാണ് ‘ഷെഫ്’ അഭിപ്രായപ്പെട്ടത്.
‘മിച്ചല്‍ സ്റ്റാര്‍ക്കിനെ ജെയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്യുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുപോലുമുണ്ടായിരുന്നില്ല. എന്നിട്ടുപോലും പന്തുകള്‍ക്ക് വേഗതയില്ലെന്ന് സ്റ്റാര്‍ക്കിനോട് ജെയ്‌സ്വാള്‍ പറഞ്ഞു. സ്റ്റാര്‍ക്കിനെ നേരിട്ടിട്ടുള്ളയാളാണ് ഞാന്‍. സ്റ്റാര്‍ക് ഒരിക്കലും പതുക്കെ പന്തെറിയാറില്ല’, കുക്ക് ചൂണ്ടിക്കാട്ടി.
‘സ്റ്റാര്‍ക്കിന്റെ പന്തിന് ഏതെങ്കിലും രീതിയില്‍ വേഗത കുറഞ്ഞാല്‍ അത് തുറന്നു പറയാന്‍ ഞാന്‍ പോവാറില്ല. അത്ര ആത്മവിശ്വാസവും ധൈര്യവും സ്റ്റാര്‍ക്കിനെ നേരിടുന്ന സാഹചര്യങ്ങളില്‍ എനിക്ക് ലഭിക്കാറില്ല.
ശരിക്കും ഇന്ത്യയുടെ ജയത്തില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി. ക്രിക്കറ്റ് കളിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമായ പെര്‍ത്തില്‍ പോയി ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചതില്‍ ഞാന്‍ ഇപ്പോഴും ഞെട്ടി നില്‍ക്കുകയാണ്’ അലസ്റ്റര്‍ കുക്ക് കൂട്ടിച്ചേര്‍ത്തു.
Content Highlight: Mitchell Starc praises Yashasvi Jaiswal