ഇന്ത്യയുടെ സ്‌ക്വാഡ് ഡെപ്ത്തിനെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരേ ദിവസം തന്നെ കളിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് സ്റ്റാര്‍ക് പറഞ്ഞത്.
ഫന്റാസ്റ്റിക് ടി.വിയെന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാര്‍ക് ഇന്ത്യയെ പ്രശംസിച്ചത്.
‘ഒരേ ദിവസം തന്നെ ടെസ്റ്റ് ടീമിനെയും ഏകദിന ടീമിനെയും ടി-20ഐ ടീമിനെയും കളത്തിലിറക്കാന്‍ കെല്‍പ്പുള്ള ഏക ടീം ഇന്ത്യ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെയും ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെയും ടി-20യില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും കളിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇങ്ങനെയാണെങ്കിലും ഇന്ത്യയുടെ ഓരോ ടീമും മികച്ചതും മത്സരബുദ്ധിയോടെ കളിക്കുന്നവരുമായിരിക്കും,’ സ്റ്റാര്‍ക് പറഞ്ഞു.
ഐ.പി.എല്ലിന്റെ വളര്‍ച്ചയെ കുറിച്ചും ഇത് ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് സ്റ്റാര്‍ക് ഇക്കാര്യം പറഞ്ഞത്.
‘ഇതൊരു അഡ്വാന്റേജാണോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല, കാരണം ക്രിക്കറ്റര്‍മാര്‍ എന്ന നിലയില്‍ ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള സംബന്ധിച്ച് അങ്ങനെ ആയിരുന്നില്ല. അവര്‍ക്ക് ഐ.പി.എല്‍ കളിക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.
ശരിയാണ്, ഇതുതന്നെയാണ് നമ്പര്‍ വണ്‍, എല്ലാ ഇന്ത്യന്‍ താരങ്ങളും ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച താരങ്ങളുടെ ഒഴുക്കാണ് ഇതില്‍ കാണാനാകുന്നത്. ഇതൊരു മികച്ച ടൂര്‍ണമെന്റാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഇതുമാത്രമാണ് കാരണം എന്നെനിക്ക് തോന്നുന്നില്ല, കാരണം വര്‍ഷത്തില്‍ അഞ്ചോ ആറോ വിവിധ ഫ്രാഞ്ചൈസി ലീഗ് ക്രിക്കറ്റ് കളിക്കുന്ന ലോകമെമ്പാടുമുള്ള താരങ്ങളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ഇക്കാരണത്താല്‍ അവര്‍ക്ക് ലോകക്രിക്കറ്റിന് മുമ്പില്‍ വലിയ തോതിലുള്ള എക്‌സ്‌പോഷര്‍ ലഭിക്കുന്നു.
ഐ.പി.എല്‍ വളരെ മികച്ച ഒരു ടൂര്‍ണമെന്റാണ്. തീര്‍ച്ചയായും നിങ്ങള്‍ക്കൊപ്പം കഴിവുറ്റ താരങ്ങളുണ്ടായിരിക്കണം. ഇന്ത്യന്‍ ക്രിക്കറ്റന്റെ ഡെപ്ത് വളരെ വലുതാണ്,’ സ്റ്റാര്‍ക് കൂട്ടിച്ചേര്‍ത്തു.
2025 ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടിയാണ് സ്റ്റാര്‍ക് കളത്തിലിറങ്ങുന്നത്. 11.75 കോടി രൂപയ്ക്കാണ് മെഗാ താര ലേലത്തില്‍ സ്റ്റാര്‍ക് ക്യാപ്പിറ്റല്‍സിന്റെ ഭാഗമായത്.
Content Highlight: Mitchell Starc praises Team India