ഇന്ത്യ-ഓസീസ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരിസിന്റെ രണ്ടാം മത്സരത്തില്‍ ഓസീസ് സ്റ്റാര്‍ ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക് കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ ദക്ഷിണാഫിക്കന്‍ പര്യടനത്തിനിടെ വിരലിന് പരിക്കേറ്റ താരത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ മൂന്ന് മാസം വിശ്രമം അനുവദിച്ചിരുന്നു.
ഇതോടെ ഇന്ത്യക്കെതിരായ നാഗ്പൂര്‍ ടെസ്റ്റിന് മുന്നോടിയായി ടീമിനൊപ്പം ചേരാനും താരത്തിന് കഴിഞ്ഞിരുന്നില്ല. സിഡ്‌നിയില്‍ വിശ്രമത്തിലായിരുന്ന സ്റ്റാര്‍ക് ആദ്യ ടെസ്റ്റ് ആരംഭിച്ച് ഫെബ്രുവരി 10നാണ് ഇന്ത്യയിലെത്തിയത്. ശേഷം ഫെബ്രുവരി 14ന് ടീമിനൊപ്പം ചേര്‍ന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പരിക്ക് പൂര്‍ണമായും മാറിയില്ലെങ്കിലും, പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് താരം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
‘പരിക്ക് ഞാന്‍ വിചാരിച്ചത്ര വേഗത്തിലല്ലെങ്കില്‍ കൂടി മാറി വരുന്നുണ്ട്. ടീമില്‍ ഇടം നേടാന്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്യും. ബാക്കിയൊക്കെ ടീമിന്റെയും, കോച്ചിന്റെയും തീരുമാനം പോലിരിക്കും,’ സ്റ്റാര്‍ക് പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ രണ്ടാം മത്സരം ജയിച്ചേ പറ്റൂ. സ്റ്റാര്‍ക്കിനൊപ്പം പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ടീമിനൊപ്പം ചേര്‍ന്നത് ഓസീസ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്.
എങ്കിലും ഇവരിലാര് ആദ്യ പതിനൊന്നില്‍ ഇടം പിടിക്കുമെന്നത് കണ്ടറിയണം. വ്യാഴാഴ്ചയോടെ കാര്യത്തിലൊരു തീരുമാനമാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
ഇന്നിങ്‌സിനും 132 റണ്‍സിനും ഓസ്‌ട്രേലിയ തോല്‍വിയറിഞ്ഞ ഒന്നാം ടെസ്റ്റില്‍ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ കളിച്ചത്. പിച്ചിന്റെ ആനുകൂല്യം പരമാവധി മുതലെടുത്ത ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസീസ് പയറ്റിയ തന്ത്രങ്ങളൊന്നും തന്നെ വിലപ്പോയില്ല.
രണ്ടാം ടെസ്റ്റില്‍ ടീമിലിടം കിട്ടിയാല്‍ താരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ച വെക്കാനാകുമോ എന്നത് കണ്ടറിയണം.
അതിനിടെ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം. ഫെബ്രുവരി 17 ന് ആരംഭിക്കുന്ന മത്സരം വിജയിച്ച് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ യോഗ്യത നേടിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം.
ഒന്നാം ടെസ്റ്റ് വലിയ മാര്‍ജിനില്‍ ജയിക്കാനായത് ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ ഇത്തവണ കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlight: Mitchell Starc may play for Australia in second test against India