2024ലെ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കി കിരീടം സ്വന്തമാക്കുകയായിരുന്നു.
തുടക്കത്തിലെ ആക്രമിച്ച് കളിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കമ്മിന്‍സും സംഘവും ചെപ്പോക്കില്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായത്. അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്.
സ്റ്റാര്‍ക്ക് ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരുന്നു. 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് സ്റ്റാര്‍ക്ക് നേടിയത്. ഏഴ് ബൗള്‍ഡ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി കളിയിലെ താരമാകാനും സ്റ്റാര്‍ക്കിന് സാധിച്ചു. എന്നാല്‍ മത്സരശേഷം ഒരു വമ്പന്‍ വെളിപ്പെടുത്തലാണ് മിച്ചല്‍ നടത്തിയത്.
‘കഴിഞ്ഞ ഒമ്പത് വര്‍ഷമായി, ഓസ്ട്രേലിയയ്ക്കായി കളിക്കുന്നതിനാണ് ഞാന്‍ മുന്‍ഗണന നല്‍കിയത്, ഇപ്പോള്‍ എന്റെ കരിയറിന്റെ അവസാനത്തോട് അടുത്തിരിക്കുകയാണ്, ഞാന്‍ ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. അടുത്ത ഏകദിന ലോകകപ്പ് ഇനിയും അകലെയാണ്, ടി-20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത് എന്റെ ഭാവിയുടെ വലിയ ഭാഗമായി മാറിയേക്കാം,
ഈ സീസണ്‍ അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു, കാരണം ഇത് ടി-20 ലോകകപ്പിലേക്ക് നയിക്കുന്നതിന്റെ ഭാഗമാണ്, അതിശയകരമായ കളിക്കാരെ ഉള്‍ക്കൊള്ളുന്ന ലീഗാണിത്, ഈ വര്‍ഷത്തെ എന്റെ അനുഭവം ഞാന്‍ നന്നായി ആസ്വദിച്ചു, അടുത്ത സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു,’ സ്റ്റാര്‍ക്ക് പറഞ്ഞു.
കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ ആന്ദ്രെ റസലും രണ്ട് വിക്കറ്റുകല്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിദ് റാണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവും നരെയ്‌നും ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി.
Content highlight: Mitchell Starc Like To Retire In One Day International Cricket