|

ലോകകപ്പില്‍ മലമറിക്കുമെന്ന് കരുതി; ലോകകപ്പില്‍ നാണക്കേടിന്റെ റെക്കോഡുമായി ഓസീസ് പേസര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയം കൊയ്ത് ഓസ്ട്രേലിയ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയ ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ബി-യില്‍ ഒന്നാമതെത്താനും ഓസീസിനായി. രണ്ട് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റാണ് കങ്കാരുക്കള്‍ക്കുള്ളത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ ജോസ് ബട്‌ലറും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരുടേയും കൂട്ടുകെട്ട് തകര്‍ത്തത് ആദം സാംപയാണ്. എട്ടാം ഓവറിലെ ആദ്യ പന്തില്‍ സാംപയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി ഫില്‍ സോള്‍ട്ട് പുറത്തായി. 23 പന്തില്‍ 37 റണ്‍സാണ് താരം നേടിയത്. ശേഷം ക്യാപ്റ്റന്‍ ബട്‌ലര്‍ 42 റണ്‍സും മെയീന്‍ അലി 37 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്.

ഓസീസ് ബൗളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് പാറ്റ് കമ്മിന്‍സാണ് 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. സാംപ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. മെയീന്‍ ഒരു വിക്കറ്റും നേടിയപ്പോള്‍ ഏറെ നിരാശപ്പെടുത്തിയത് സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റര്‍ക്കാണ്. മൂന്ന് ഓവറില്‍ 37 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്. 12.33 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ഇതോടെ ലോകകപ്പില്‍ ഔരു നാണം കെട്ട റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ലോകകപ്പില്‍ ഡിഫീറ്റിങ് സമയത്ത് ഏറ്റവും മോശം എക്കണോമിയില്‍ പന്തെറിയുന്ന താരമാകാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത് (മിനിമം 100 ബോളില്‍)

മിച്ചല്‍ സ്റ്റാര്‍ക്ക് – 11

ജേക്കബ് ഒറാം – 10.4

കഗീസോ റബാദ – 9.92

ഷെയ്ന്‍ വാട്‌സണ്‍ – 9.25

ആല്‍ബി മോര്‍ക്കല്‍ – 9.22

ഹര്‍ദിക് പാണ്ഡ്യ – 9.12

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഓപ്പണര്‍മാരുടെ കരുത്തില്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടു. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പുറത്താകുമ്പോള്‍ 19പന്തില്‍ നാല് സിക്‌സ്‌റും രണ്ട് ഫോറുമടക്കം 39 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് 18 പന്തില്‍ 34 റണ്‍സാണ് സ്വന്തമാക്കിയത്.

ജൂണ്‍ 12നാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയ ആണ് എതിരാളികള്‍.

Content Highlight: Mitchell Starc In Unwanted Record Achievement In t20 world Cup

Video Stories