| Sunday, 26th May 2024, 10:03 pm

24 കോടിയുടെ വില ഇപ്പോള്‍ മനസിലായേ? ഫൈനലില്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. തുടക്കത്തിലെ ആക്രമിച്ച് കളിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കമ്മിന്‍സും സംഘവും ചെപ്പോക്കില്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ കുരുങ്ങിയ ഹൈദരാബാദ് 18.3 ഓവറില്‍ വെറും 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഐ.പി.എല്‍ ചരിത്രത്തിലെ ഫൈനലിലെ മോശം വിജയലക്ഷ്യമാണ് ഹൈദരാബാദ് കൊല്‍ക്കത്തക്ക് നല്‍കിയത്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായത്. അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്റ്രാര്‍ക്ക് സ്വന്തമാക്കിയിരക്കുകയാണ്. 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് സ്റ്റാര്‍ക്ക് നേടിയത്.

2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

മിച്ചല്‍ സ്റ്റാര്‍ക്ക് – 7*

ജസ്പ്രിത് ബുംറ – 6

മതീഷ പതിരാന – 5

സുനില്‍ നരെയ്ന്‍ – 4

അധികം വൈകാതെ വൈഭവ് അറോറയുടെ ആദ്യ ഓവറിന്റെ അവസാന പന്തില്‍ ഗോള്‍ഡന്‍ ഡക്ക് ആയി ട്രാവിസ് ഹെഡും പുറത്തായത്. ശേഷം ഇറങ്ങിയ രാഹുല്‍ ത്രിപാഠിയും ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഉയര്‍ത്തിയടിച്ച് രമണ്‍ദീപിന്റെ കയ്യിലാവുകയായിരുന്നു താരം. 13 പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്.

വൈകാതെ ഹര്‍ഷിദ് റാണയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി വെറും 13 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പിടിച്ചുനിന്ന എയ്ഡന്‍ മാര്‍ക്രത്തിനെ റസല്‍ സ്റ്റാര്‍ക്കിന്റെ കയ്യിലും എത്തിച്ച് പറഞ്ഞയക്കുകയായിരുന്നു. 20 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. സ്പിന്‍ പരീക്ഷിച്ചപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഇരയായി ഷഹബാസ് അഹമ്മദും 8 റണ്‍സ് നേടി കൂടാരം കയറിയതോടെ റസല്‍ അബ്ദുള്‍ സമദിനെ പുറത്താക്കി രണ്ടാം വിക്കറ്റും നേടി.

സമദിന് 4 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഏക ആശ്വാസമായിരുന്ന ഹെന്റിച്ച് ക്ലാസനെ ബൗള്‍ഡാക്കി റാണ തന്റെ രണ്ടാം വിക്കറ്റും നേടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ശേഷം നരെയ്ന്‍ ഉനദ്കട്ടിനെ എല്‍.ബി.ഡബ്ലിയുവിലൂടെ പുറത്താക്കി മികവ് കാണിച്ചു. റസലിന്റെ മൂന്നാം വിക്കറ്റായി 23 റണ്‍സ് നേടിയ കമ്മിന്‍സും പുറത്തായതോടെ ഹൈദരാബാദിന്റെ അടിവേരിളക്കി കൊല്‍ക്കത്ത മിന്നും പ്രകടനമാണ് ഫൈനലില്‍ കാഴ്ചവെച്ചത്.

കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ ആന്ദ്രെ റസലും രണ്ട് വിക്കറ്റുകല്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിദ് റാണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവും നരെയ്‌നും ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി.

Content Highlight: Mitchell Starc In Record Achievement In 2024 IPL

We use cookies to give you the best possible experience. Learn more