| Monday, 16th December 2024, 11:17 am

ഗാബയില്‍ ആളിക്കത്തി സ്റ്റാര്‍ക്ക്; വീണ്ടും റെക്കോഡ് അലേര്‍ട്ട്!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ മൂന്നാം ദിനത്തില്‍ ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ മഴ വീണ്ടും മത്സരത്തിന്റെ രസംകൊല്ലിയായി അവതരിച്ചിരിക്കുകയാണ്. കളി നിര്‍ത്തിയപ്പോള്‍ ഇന്ത്യ 14.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സാണ് നേടിയത്.

തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്‌ട്രൈക്കില്‍ യശസ്വി ജെയ്‌സ്വാള്‍ മിച്ചല്‍ മാര്‍ഷിന്റെ കയ്യില്‍ എത്തി പുറത്താകുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ജെയ്‌സ്വാളിനെ പൂജ്യം റണ്‍സിനാണ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചത്.

ഇതോടെ സ്റ്റാര്‍ക്ക് ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ടെസ്റ്റിലെ ഒരു ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത്. 18 വിക്കറ്റുകളാണ് താരം ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ നിന്നും സ്വന്തമാക്കിയത്.

ടെസ്റ്റിലെ ഒരു ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 18*

ജെയിസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്) – 14

കെമര്‍ റോച്ച് (വെസ്റ്റ് ഇന്‍ഡീസ്) – 10

സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്) – 9

ടിം സൗത്തി (ന്യൂസിലാന്‍ഡ്) – 8

ജെയ്‌സ്വാളിന് പുറമെ വണ്‍ ഡൗണ്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലും (3 പന്തില്‍ 1) സ്റ്റാര്‍ക്കിന്റെ കൈകൊണ്ടാണ് കൂടാരം കയറിയത്. തുടര്‍ന്ന് വിരാട് കോഹ്‌ലിയെ (16 പന്തില്‍ 3) പുറത്താക്കി ഹേസല്‍വുഡും തിളങ്ങി. നിര്‍ണായക മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാടിനെ അലക്‌സ് കാരിയുടെ കയ്യിലെത്തിച്ചാണ് വുഡ് താരത്തെ പുറത്താക്കിയത്.

പിന്നീട് ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒമ്പത് റണ്‍സിനാണ് പുറത്താക്കിയത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് 52 പന്തില്‍ 30 റണ്‍സുമായി കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ്.

ഓസീസ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കണമെങ്കില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഏറെ നേരം ക്രീസില്‍ നില്‍ക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യ വലിയ സമ്മര്‍ദ ഘട്ടത്തിലാണ്. ടോസ് നേടി ഓസീസിനെ ബാറ്റിങ്ങിന് അയച്ച മുതല്‍ ഇന്ത്യയ്ക്ക് കണ്ടക ശനിയാണ്. ഗാബയില്‍ ആദ്യ ബാറ്റ് ചെയ്യുന്നവര്‍ക്ക് ഗുണം ചെയ്യുകയും പിന്നീട് പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമാകുകയും ചെയ്യും. നിലവില്‍ ശേഷിക്കുന്ന ദിനം ഇന്ത്യ ഓള്‍ ഔട്ട് ആകാതെ ക്രീസില്‍ നിന്നാല്‍ മാത്രമേ സമനിലയെങ്കിലും പിടിക്കാന്‍ കഴിയൂ.

Content Highlight: Mitchell Starc In Great Record Achievement In Test Cricket

We use cookies to give you the best possible experience. Learn more