|

ഓസ്‌ട്രേലിയന്‍ ഇതിഹാസവും ഇവന്റെ മുമ്പില്‍ മുട്ടുകുത്തി; മെല്‍ബണില്‍ സ്റ്റാര്‍ക്കിന്റെ താണ്ഡവം!

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ 99 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റിനാണ് കങ്കാരുപ്പട വിജയിച്ച് കയറിയത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 46.4 ഓവറില്‍ 203 റണ്‍സിന് പാകിസ്ഥാനെ ഓസ്‌ട്രേലിയ ഓള്‍ ഔട്ട് ആക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 33.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. ഓസീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നേടിയാണ് മെന്‍ ഇന്‍ ഗ്രീനിനെ താരം സമ്മര്‍ദത്തിലാക്കിയത്. രണ്ടാം ഓവറില്‍ ഓപ്പണര്‍ സയിം അയൂബിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് സ്റ്റാര്‍ക്ക് തുടങ്ങിയത്.

പിന്നീട് അബ്ദുള്ള ഷഫീക്കിനെ ജോഷ് ഇംഗ്ലിസിന്റെ കയ്യിലാക്കി പറഞ്ഞയച്ചപ്പോള്‍ ഷഹീന്‍ അഫ്രീദിയെയും ക്ലീന്‍ ബൗള്‍ഡായി താരം കൂടാരം കയറ്റി. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. എം.സി.ജിയില്‍ (മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്) ഏറ്റവും കൂടുതല്‍ ഏകദിന ബൗള്‍ഡ് വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ഈ റെക്കോഡില്‍ ഓസീസ് ഇതിഹാസം ബ്രറ്റ് ലീയെയാണ് സ്റ്റാര്‍ക്ക് മറികടന്നത്.

എം.സി.ജിയില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരം, എണ്ണം

മിച്ചല്‍ സ്റ്റാര്‍ക്ക് – 8*

ബ്രറ്റ് ലീ – 7

മിച്ചല്‍ ജോണ്‍സന്‍ – 4

ജെയിംസ് ഫോള്‍ക്കണര്‍ – 4

സ്റ്റാര്‍ക്കിന് പുറമെ പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ സീന്‍ എബ്ബോട്ട്, മാര്‍നസ് ലബുഷാന്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

പാകിസ്ഥാന് വേണ്ടി 44 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ പുറത്തായത്. നസീം ഷാ 40 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ഓസീസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ജോഷ് ഇംഗ്ലിസാണ് 49 റണ്‍സാണ് താരം സ്വന്തമാക്കിയത്. സ്റ്റീവ് സ്മിത് 44 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 32 റണ്‍സ് നേടി ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

Content Highlight: Mitchell Starc In Great Record Achievement In  MCG