ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡ് ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പിങ്ക് ബോളില്‍ നടക്കുന്ന ഡേ- നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് ഇന്ത്യ നേടിയത്.
ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ ആദ്യ ബോളില്‍ പറഞ്ഞയച്ചാണ് ഓസീസ് തുടങ്ങിയത്. ജെയ്‌സ്വാളിനെ എല്‍.ബി.ഡബ്ല്യൂവില്‍ കുരുക്കി ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ശേഷം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ കെ.എല്‍. രാഹുലിനെയും സ്റ്റാര്‍ സ്റ്റാര്‍ക്ക് കൂടാരം കയറ്റി.
64 പന്തില്‍ ആറ് ഫോര്‍ അടക്കം 37 റണ്‍സ് നേടിയാണ് രാഹുല്‍ മടങ്ങിയത്. പിന്നീട് ആരാധകര്‍ ഏറെ പ്രതീക്ഷ നല്‍കിയ വിരാട് കോഹ്‌ലിയെ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കയ്യിലെത്തിച്ച് തിരിച്ചയച്ചു. ഏഴ് റണ്‍സിനാണ് വിരാട് കൂടാരം കയറിയത്. ഇതോടെ ഒരു ഇരട്ട റെക്കോഡാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറാകാനാണ് താരത്തിന് സാധിച്ചത്. ഓസീസ് സ്പിന്‍ ബൗളര്‍ നഥാന്‍ ലിയോണ്‍ 63 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഉണ്ട്.
നഥാന്‍ ലിയോണ്‍ – 63
ഷെയ്ന്‍ വോണ്‍ – 56
മിച്ചല്‍ സ്റ്റാര്‍ക്ക് – 51*
ഗ്ലെന്‍ മഗ്രാത് – 46
ഡെന്നിസ് ലില്ലി – 45
ഈ റെക്കോഡിന് പുറമെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ആദ്യം 100 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ഓസീസ് താരമാകാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത്.
ഷെയ്ന്‍ വോണ്‍ – 156
ഗ്ലെന്‍ മഗ്രാത് – 142
നഥാന്‍ ലിയോണ്‍ – 129
മിച്ചല്‍ സ്റ്റാര്‍ക്ക് – 102*
കൈവിരലിന് പരിക്ക് പറ്റി ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ശുഭ്മന്‍ ഗില്‍ 31 റണ്‍സിനാണ് മടങ്ങിയത്. 51 പന്തില്‍ അഞ്ച് ഫോര്‍ അടക്കമാണ് താരം മിന്നും പ്രകടനം നടത്തിയത്. സ്‌കോട്ട് ബോളണ്ടിന്റെ മികച്ച എല്‍.ബി.ഡബ്ല്യുവിലാണ് താരം പുറത്തായത്.
രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മയേയും സ്‌കോട് മൂന്ന് റണ്‍സിന് പറഞ്ഞയച്ചതോടെ ഇന്ത്യ പ്രതിരോധിക്കാന്‍ സാധിക്കാതെ തളരുകയാണ്. നിലവില്‍ 32 ഓവര്‍ പിന്നിടുമ്പോള്‍ 21 റണ്‍സ് നേടി ഋഷബ് പന്തും ഏഴ് റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും ക്രീസില്‍ തുടരുകയാണ്. പിങ്ക് ബോളില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.
Content Highlight: Mitchell Starc In Great Record Achievement In Adelaide Test