അഡ്‌ലെയ്ഡില്‍ സ്റ്റാര്‍ക്കിന്റെ താണ്ഡവം; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച!
Sports News
അഡ്‌ലെയ്ഡില്‍ സ്റ്റാര്‍ക്കിന്റെ താണ്ഡവം; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th December 2024, 12:01 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡ് ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പിങ്ക് ബോളില്‍ നടക്കുന്ന ഡേ- നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ ആദ്യ ബോളില്‍ പറഞ്ഞയച്ചാണ് ഓസീസ് തുടങ്ങിയത്. ജെയ്‌സ്വാളിനെ എല്‍.ബി.ഡബ്ല്യൂവില്‍ കുരുക്കി ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ശേഷം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ കെ.എല്‍. രാഹുലിനെയും സ്റ്റാര്‍ സ്റ്റാര്‍ക്ക് കൂടാരം കയറ്റി.

64 പന്തില്‍ ആറ് ഫോര്‍ അടക്കം 37 റണ്‍സ് നേടിയാണ് രാഹുല്‍ മടങ്ങിയത്. പിന്നീട് ആരാധകര്‍ ഏറെ പ്രതീക്ഷ നല്‍കിയ വിരാട് കോഹ്‌ലിയെ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കയ്യിലെത്തിച്ച് തിരിച്ചയച്ചു. ഏഴ് റണ്‍സിനാണ് വിരാട് കൂടാരം കയറിയത്.

കൈവിരലിന് പരിക്ക് പറ്റി ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ശുഭ്മന്‍ ഗില്‍ 31 റണ്‍സിനാണ് മടങ്ങിയത്. 51 പന്തില്‍ അഞ്ച് ഫോര്‍ അടക്കമാണ് താരം മിന്നും പ്രകടനം നടത്തിയത്. സ്‌കോട്ട് ബോളണ്ടിന്റെ മികച്ച എല്‍.ബി.ഡബ്ല്യുവിലാണ് താരം പുറത്തായത്.

നിലവില്‍ ഋഷബ് പന്ത് നാല് റണ്‍സുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു റണ്‍സുമായും ക്രീസില്‍ തുടരുകയാണ്. എന്നിരുന്നാലും പിങ്ക് ബോളില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ ഇന്ത്യ തകരുന്ന കാഴ്ചയാണ് അഡ്‌ലെയ്ഡില്‍ കാണുന്നത്.

 

Content Highlight: Mitchell Starc In Great Performance Against India At Adelaide Test