| Tuesday, 7th November 2023, 9:37 pm

ഇത്തിരി പോലും ചിന്തിച്ചില്ല; ഔട്ടാകാതെ ഔട്ടായി ഓസീസ് സൂപ്പര്‍ താരം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന 2023 ലോകകപ്പിലെ 39ാം മത്സരത്തിലെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പുറത്താകലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഔട്ടാകാതെ പവലിയനിലേക്ക് തിരിച്ചുനടന്നാണ് സ്റ്റാര്‍ക് അഫ്ഗാനിസ്ഥാന് ഏഴാം വിക്കറ്റ് സമ്മാനിച്ചത്.

റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച് നല്‍കിയാണ് സ്റ്റാര്‍ക് പുറത്തായത്. 19ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം.

ആദ്യ ശ്രമത്തില്‍ ക്യാച്ച് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കാതിരുന്ന അലിഖില്‍ റീബൗണ്ടില്‍ തകര്‍പ്പന്‍ ഡൈവിങ്ങിലുടെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

View this post on Instagram

A post shared by ICC (@icc)

എന്നാല്‍ പന്ത് ശരിക്കും സ്റ്റാര്‍ക്കിന്റെ ബാറ്റില്‍ കൊണ്ടിരുന്നില്ല. ഓഫ് സ്റ്റംപില്‍ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെത്തിയത്.

പന്ത് വിക്കറ്റില്‍ കൊണ്ടിരുന്നെങ്കിലും ബെയ്ല്‍സ് വീഴുകയോ വിക്കറ്റിലെ എല്‍.ഇ.ഡി ലൈറ്റുകള്‍ തെളിയുകയോ ചെയ്തിരുന്നില്ല. പന്ത് വിക്കറ്റില്‍ കൊണ്ട ശബ്ദമാണ് അമ്പയറും സ്റ്റാര്‍ക്കും ബാറ്റില്‍ കൊണ്ടതായി തെറ്റിദ്ധരിച്ചത്.

പവലിയനിലേക്ക് തിരിച്ചുനടക്കും മുമ്പ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ഗ്ലെന്‍ മാക്‌സ് വെല്ലുമായി താരം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ റിവ്യൂ എടുക്കാന്‍ ഇരുവരും ധൈര്യപ്പെട്ടിരുന്നില്ല.

എന്നാല്‍ പന്ത് സ്റ്റാര്‍ക്കിന്റെ ബാറ്റില്‍ കൊണ്ടിരുന്നില്ല എന്ന് റീപ്ലേകളില്‍ വ്യക്തമാവുകയായിരുന്നു. അള്‍ട്രാ എഡ്ജില്‍ ഫ്‌ളാറ്റ് ലൈന്‍ ആണ് കാണിച്ചിരുന്നത്.

അതേസമയം, ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കരുത്തില്‍ ഓസ്‌ട്രേലിയ തിരിച്ചടിക്കുകയാണ്. 97ന് ഏഴ് എന്ന നിലയില്‍ നിന്നും 36 ഓവര്‍ പിന്നിടുമ്പോള്‍ 211 റണ്‍സിന് ഏഴ് എന്ന നിലയിലേക്കാണ് മാക്‌സി ഓസീസിനെ കൈപിടിച്ചുയര്‍ത്തിയത്.

നിലവില്‍ 114 റണ്‍സാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനൊപ്പം ചേര്‍ന്ന് ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. 89 പന്തില്‍ 123 റണ്‍സുമായി മാക്‌സ്‌വെല്ലും 42 പന്തില്‍ പത്ത് റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് നിലവില്‍ ക്രീസില്‍.

Content Highlight: Mitchell Starc fails to review despite non-contact dismissal

Latest Stories

We use cookies to give you the best possible experience. Learn more