ജെയ്‌സ്വാളിന് സ്റ്റാര്‍ക്കിന്റെ അഡാറ് മറുപടി; സ്ലെഡ്ജിങ്ങില്‍ ട്വിസ്റ്റ്
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡ് ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് നേടിയത്.
ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ ആദ്യ ബോളില്‍ പറഞ്ഞയച്ചാണ് ഓസീസ് തുടങ്ങിയത്. ജെയ്‌സ്വാളിനെ പുറത്താക്കിയത് സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണെന്നതാണ് മത്സരത്തില്‍ കൗതുകമുള്ള മറ്റൊരു കാര്യം. ഗോള്‍ഡന്‍ ഡക്കില്‍ ജെയ്‌സ്വാളിനെ പറഞ്ഞയച്ച് പ്രതികാരം ചെയ്തിരിക്കുകയാണ് സ്റ്റാര്‍ക്ക്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ പന്തിന് വേഗതയില്ലെന്ന് പറഞ്ഞ് ജെയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തിരുന്നു.
ഇതോടെ ജെയ്‌സ്വാളിനെ പുകഴ്ത്തി ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. മാത്രമല്ല മുന്‍ ഓസീസ് പേസ് സ്റ്റാര്‍ മിച്ചല്‍ ജോണ്‍സനെ പോലെയുള്ളവര്‍ ജെയ്‌സ്വാളിന്റെ വെല്ലുവിളിക്കുന്ന മനോഭാവത്തെ തകര്‍ക്കണമെന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
ഇതോടെ അഡ്‌ലെയ്ഡിലെ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ ജെയ്‌സ്വാളിനെ എല്‍.ബി.ഡബ്ല്യൂവില്‍ കുരുക്കി സ്റ്റാര്‍ക്ക് പറഞ്ഞയക്കുകയായിരുന്നു. നിലവില്‍ 30 റണ്‍സുമായി കെ.എല്‍. രാഹുലും 30 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍ തുടരുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചുവന്നെങ്കിലും ഓപ്പണിങ് സ്ലോട്ടില്‍ കളിക്കുന്നത് രാഹുലാണ്. രോഹിത് ആറാം സ്ലോട്ടിലാണ് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ രോഹിത് ഇക്കാര്യം അറിയിച്ചിരുന്നു. പിങ്ക് ബോളില്‍ ഇന്ത്യ മികച്ച പ്രതിരോധം തീര്‍ക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Mitchell Starc Dismisses Yashasvi Jaiswal on golden duck