| Sunday, 24th December 2023, 7:49 pm

ആദ്യ ടെസ്റ്റ് തോറ്റു, പേസും നഷ്ടമായി; പാകിസ്ഥാന്‍ ബൗളര്‍മാരെ വിമര്‍ശിച്ചു മിച്ചല്‍ സ്റ്റാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ മികച്ച ഇടം കയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ട്ട് പാകിസ്ഥാന്‍ ബൗളര്‍മാരുടെ മോശം ബൗളിങ്ങിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ബൗളിങ് വേഗതയുടെ കുറവ് മത്സരത്തില്‍ ശ്രദ്ധേയമായ സംസാരവിഷയമായിരുന്നു.

പാകിസ്ഥാന്‍ താരങ്ങളുടെ പരിക്കും കളിക്കാരുടെ തീരുമാനങ്ങളും കാരണം ഗുണനിലവാരമുള്ള പേസ് ബൗളിങ് ലൈനപ്പ് ഇല്ലാത്തത് വലിയ വെല്ലുവിളിയായിരുന്നു. നസീം ഷാക്ക് പരിക്ക്പറ്റിയതും ഹാരിസ് റൗഫിനെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്താക്കിയതും കാരണം പേസ് അക്രമണത്തെ നയിക്കാനുള്ള ഭാരം മുഴുവനും ഷഹീന്‍ അഫ്രീദിയുടെ മേല്‍ വന്നിരുന്നു. പക്ഷേ മികച്ച പേസ് കണ്ടെത്താന്‍ അഫ്രീദിക്കും കഴിഞ്ഞില്ല.

ഇപ്പോള്‍ പാകിസ്ഥാന്റെ ബൗളര്‍മാരുടെ താഴ്ന്ന വേഗതയെ കുറിച്ചും മറ്റുള്ളവര്‍ക്ക് തോന്നിയ ആശ്ചര്യങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്റ്റാര്‍ക്ക്.

‘പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് വേഗത കുറവായത് അപ്രതീക്ഷിതമായിരുന്നു. പ്രത്യേകിച്ചും ചില കളിക്കാര്‍ 150 സ്പീഡില്‍ പന്ത് എറിയുമ്പോള്‍. വേഗത അല്ല എല്ലാം, പക്ഷേ അത് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്,’അദ്ദേഹം ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയില്‍ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ അഫ്രീദിയുടെ ശരാശരി വേഗത 130 കിലോമീറ്റര്‍ ആയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ വേഗത 120 കിലോമീറ്റര്‍ ആയി കുറഞ്ഞു. ഖുറം ഷഹസാദിനെ പോലെയുള്ള മറ്റു ബൗളര്‍മാര്‍ ഇടത്തരം വേഗതയിലാണ് തുടര്‍ന്നത്. അമീര്‍ ജമാല്‍ ഇടയ്ക്കിടെ 140 സ്പീഡ് കടന്നിരുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ പാകിസ്ഥാന്റെ ബൗളിങ് പ്രകടനത്തില്‍ കാര്യമായ പിശകുകള്‍ സംഭവിച്ചിരുന്നു.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ അധിക പേസ് നിര്‍ണായകം ആകില്ലെന്ന് സ്റ്റാര്‍ക് സമ്മതിച്ചിരുന്നു. മികച്ച ഫാസ്റ്റ് ബൗളര്‍ സ്‌കോട്ടി ബോളണ്ടിനെ ഉദാഹരിച്ചുകൊണ്ട് സ്റ്റാര്‍ട്ട് സംസാരിച്ചിരുന്നു.

‘ഉദാഹരണത്തിന് സ്‌കോട്ടി ബോളണ്ടിനെ എടുക്കുക. ഏറ്റവും വേഗതയേറിയ ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ തന്റെ ഹോം ഗ്രൗണ്ട് ആയ മെല്‍ബണില്‍ ഒരു സൈഡ് വേ ചലനം ആണ് അദ്ദേഹം സൃഷ്ടിച്ചത്. വളരെക്കാലമായി അദ്ദേഹം ഈ കഴിവ് സ്ഥിരമായി പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ ഞങ്ങള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം എറിയുന്ന ഓരോ പന്തിനും വിക്കറ്റ് വീഴ്ത്താനുള്ള കഴിവുണ്ടായിരുന്നു. അതിനാല്‍ വേഗത മാത്രമാണ് നിര്‍ണായക ഘടകം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ സ്റ്റാര്‍ക്ക് പറഞ്ഞു.

Content Highlight: Mitchell Starc criticized Pakistan bowlers

Latest Stories

We use cookies to give you the best possible experience. Learn more