വോണ്‍ – മുരളീധരന്‍ ട്രോഫിയ്ക്കായുള്ള ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ചരിത്ര നേട്ടവുമായി സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ത്. 700 അന്താരാഷ്ട്ര വിക്കറ്റുകള്‍ എന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന 18ാം താരവും നാലാമത് ഓസ്‌ട്രേലിയന്‍ താരവുമാണ് സ്റ്റാര്‍ക്.
മത്സരത്തിന് മുമ്പ് 699 വിക്കറ്റുകളായിരുന്നു സ്റ്റാര്‍ക്കിന്റെ പേരിലുണ്ടായിരുന്നത്. ലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെയെ നഥാന്‍ മക്‌സ്വീനിയുടെ കൈകളിലെത്തിച്ച് മടക്കിയാണ് സ്റ്റാര്‍ക് 700 അന്താരാഷ്ട്ര വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്.
കരിയറിലെ 373ാം ഇന്നിങ്‌സിലാണ് സ്റ്റാര്‍ക് 700 അന്താരാഷ്ട്ര വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 181 ഇന്നിങ്‌സില്‍ നിന്നും 377 വിക്കറ്റ് നേടിയ സ്റ്റാര്‍ക് 127 ഏകദിനത്തില്‍ 244 വിക്കറ്റും 65 ടി-20കളില്‍ നിന്നുമായി 79 വിക്കറ്റുകളും സ്വന്തമാക്കി.
ഇതിഹാസ താരം ഡെയ്ല്‍ സ്‌റ്റെയ്‌നിനെയടക്കം മറികടന്നുകൊണ്ടാണ് സ്റ്റാര്‍ക് തന്റെ 35ാം പിറന്നാള്‍ ദിനത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക/ഏഷ്യ/ഐ.സി.സി – 1,347
ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 1,001
ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 991
അനില്‍ കുംബ്ലെ – ഇന്ത്യ/ ഏഷ്യ – 956
ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ/ഐ.സി.സി – 949
വസീം അക്രം – പാകിസ്ഥാന്‍ – 916
സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 847
ഷോണ്‍ പൊള്ളോക്ക് – സൗത്ത് ആഫ്രിക്ക/ആഫ്രിക്ക/ ഐ.സി.സി – 829
വഖാര്‍ യൂനിസ് – പാകിസ്ഥാന്‍ – 789
ടിം സൗത്തീ – ന്യൂസിലാന്‍ഡ് – 776
ആര്‍. അശ്വിന്‍ – ഇന്ത്യ – 765
ചാമിന്ദ വാസ് – ശ്രീലങ്ക/ ഏഷ്യ – 761
കോട്‌നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – 746
ബ്രെറ്റ് ലീ – ഓസ്‌ട്രേലിയ – 718
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 712
ഹര്‍ഭജന്‍ സിങ് – ഇന്ത്യ / ഏഷ്യ – 711
ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 705
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 700*
ഡെയ്ല്‍ സ്‌റ്റെയ്ന്‍ – സൗത്ത് ആഫ്രിക്ക/ ആഫ്രിക്ക – 699
അതേസമയം, ഏഷ്യന്‍ മണ്ണില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായാണ് ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അരങ്ങേറ്റക്കാരന്‍ ജോഷ് ഇംഗ്ലിസും സെഞ്ച്വറിയും നേടി.
ഖവാജ 352 പന്തില്‍ 232 റണ്‍സ് നേടി പുറത്തായി. സ്മിത് 251 പന്തില്‍ 141 റണ്‍സും ഇംഗ്ലിസ് 94 പന്തില്‍ 102 റണ്‍സും നേടി മടങ്ങി. 40 പന്തിവല്‍ 57 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 69 പന്തില്‍ പുറത്താകാതെ 46 റണ്‍സും സ്വന്തമാക്കി.
ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 654 റണ്‍സ് നേടി നില്‍ക്കവെ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലാണ്. ഒഷാദോ ഫെര്‍ണാണ്ടോ (പത്ത് പന്തില്‍ ഏഴ്), ദിമുത് കരുണരത്‌നെ (13 പന്തില്‍ ഏഴ്), ഏയ്ഞ്ചലോ മാത്യൂസ് (18 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. മാത്യൂ കുന്‍മാന്‍, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.
29 പന്തില്‍ ഒമ്പത് റണ്‍സുമായി ദിനേഷ് ചണ്ഡിമലും 20 പന്തില്‍ 13 റണ്‍സുമായി കാമിന്ദു മെന്‍ഡിസുമാണ് ക്രീസില്‍.
Content Highlight: Mitchell Starc completed 700 International wickets