എന്തൊരു മനപ്പൊരുത്തം... ഭാര്യയും ഭർത്താവും ഔട്ട് ആയത് ഒരേ സ്‌കോറിൽ; ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം
Cricket
എന്തൊരു മനപ്പൊരുത്തം... ഭാര്യയും ഭർത്താവും ഔട്ട് ആയത് ഒരേ സ്‌കോറിൽ; ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th February 2024, 9:10 pm

ഓസ്‌ട്രേലിയ വുമണ്‍സും സൗത്ത് ആഫ്രിക്ക വുമണ്‍സും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മത്സരം ആദ്യദിവസം പിന്നിട്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 76 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 261 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ എന്ന നിലയിലാണ്.

മത്സരത്തില്‍ ഓസീസ് ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ അലീസ ഹീലി മികച്ച പ്രകടനമാണ് നടത്തിയത്. 124 പന്തില്‍ 99 റണ്‍സ് നേടിയായിരുന്നു ഓസീസ് ക്യാപ്റ്റന്റെ തകര്‍പ്പന്‍ പ്രകടനം. എന്നാല്‍ നിർഭാഗ്യവശാല്‍ ഒരു റണ്‍സ് അകലെ താരത്തിന് സെഞ്ച്വറി നഷ്ടമാവുകയായിരുന്നു. ഡെല്‍മൊരി ടക്കറിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് അലീസ പുറത്തായത്.

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പങ്കാളിയാണ് അലീസ ഹീലി. ഈ സാഹചര്യത്തില്‍ മറ്റൊരു വസ്തുതയാണ് ഏറെ ശ്രദ്ധേയമാകുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കും ടെസ്റ്റില്‍ 99 റണ്‍സിന് പുറത്തായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാര്യയും ഭര്‍ത്താവും ഒരേ സ്‌കോറില്‍ പുറത്തായത് ഏറെ ശ്രദ്ധേയമായി.

ഓസീസ് ബാറ്റിങ്ങില്‍ ഹീലിക്ക് പുറമെ ബേത്ത് മൂണി 109 പന്തില്‍ 78 റണ്‍സും അന്നബെല്‍ സതര്‍ലാന്‍ഡ് 87 പന്തില്‍ 54 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 76 റണ്‍സിന് പുറത്താകയായിരുന്നു. ഓസീസ് ബൗളിങ്ങില്‍ ഡാര്‍സി ബ്രൗണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 9.2 ഓവറില്‍ 21 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റും താലിയ മഗ്രാത്ത് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് തകരുകയായിരുന്നു.

സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ സൂനെ ലൂസ് 45 പന്തില്‍ 26 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. മറ്റു താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Mitchell Starc and Alyssa Healy out 99 in test