ഞാനൊരു പാര്‍ട് ടൈം ക്രിക്കറ്റര്‍; പറയുന്നത് ഇന്ത്യയെ കൊന്ന് കൊലവിളിച്ചവന്‍
Sports News
ഞാനൊരു പാര്‍ട് ടൈം ക്രിക്കറ്റര്‍; പറയുന്നത് ഇന്ത്യയെ കൊന്ന് കൊലവിളിച്ചവന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th October 2024, 11:46 am

 

ചരിത്രം കുറിച്ചാണ് ന്യൂസിലാന്‍ഡ് തങ്ങളുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും വിജയം സ്വന്തമാക്കിയത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് വെറും 245 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

സ്‌കോര്‍

ന്യൂസിലാന്‍ഡ്: 259 & 255

ഇന്ത്യ: 156 & 245 (T: 359)

 

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മിച്ചല്‍ സാന്റ്‌നറിന്റെ ബൗളിങ് മികവിലാണ് സന്ദര്‍ശകര്‍ വിജയിച്ചുകറിയത്. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയ സാന്റ്‌നര്‍, രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും നേടി. ഈ മത്സരത്തിന് മുമ്പ് ഒറ്റ ഫോര്‍ഫര്‍ പോലുമില്ലാതിരുന്ന കിവീസ് സൂപ്പര്‍ താരം രണ്ട് ഇന്നിങ്‌സിലും ഫൈഫര്‍ പൂര്‍ത്തിയാക്കിയാണ് തിളങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 19.3 ഓവര്‍ പന്തെറിഞ്ഞ താരം 53 റണ്‍സ് വഴങ്ങിയാണ് ഏഴ് വിക്കറ്റ് നേടിയത്. ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്.

രണ്ടാം ഇന്നിങ്‌സിലാകട്ടെ 29 ഓവറില്‍ 104 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റ് നേടിയത്. യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍ എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറോട് തോറ്റ് പുറത്തായത്.

കരിയറിലെ ആദ്യ ടെന്‍ഫര്‍ നേട്ടത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും സാന്റ്‌നറിനെ തന്നെയായിരുന്നു.

ഇന്ത്യക്ക് ഇത്രയൊക്കെ നാശം വിതച്ച താരത്തിന്റെ ഇസ്റ്റഗ്രാം ബയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പാര്‍ട് ടൈം ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ എന്നാണ് താരം തന്റെ ബയോയില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ഫുള്‍ ടൈം ഗോള്‍ഫര്‍ എന്നും സാന്റ്‌നര്‍ ചേര്‍ത്തിട്ടുണ്ട്.

അതേസമയം, മൂന്നാം മത്സരവും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ന്യൂസിലാന്‍ഡ്. ബാറ്റിങ്ങിന് അനുകൂലമായ വാംഖഡെ പിച്ചില്‍ ഇരു ടീമുകളും പുറത്തെടുക്കുന്ന സ്ട്രാറ്റജി എന്താണെന്നറിയാനാകും ആരാധകര്‍ കാത്തിരിക്കുന്നത്.

പൂനെയിലേറ്റ മുറിവിന്റെ നീറ്റല്‍ മാറാത്തതിനാല്‍ പ്രത്യേക കരുതലെടുത്താകും ഇന്ത്യ തന്ത്രങ്ങള്‍ മെനയുക.

പൂനെ ട്രാജഡി

പൂനെ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 259 റണ്‍സാണ് ആദ്യ ഇന്നിങ്സില്‍ നേടിയത്. ഡെവോണ്‍ കോണ്‍വേയുടെയും രചിന്‍ രവീന്ദ്രയുടെയും അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിന് മോശമല്ലാത്ത ഒന്നാം ഇന്നിങ്സ് സ്‌കോര്‍ സമ്മാനിച്ചത്. കോണ്‍വേ 141 പന്തില്‍ 76 റണ്‍സ് നേടി പുറത്തായപ്പോള്‍ രചിന്‍ രവീന്ദ്ര 105 പന്തില്‍ 65 റണ്‍സും നേടി.

ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ ശേഷിച്ച മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ പുറത്തായി. ഒമ്പത് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെയാണ് രോഹിത് മടങ്ങിയത്.

രണ്ടാം വിക്കറ്റില്‍ ഗില്ലും ജെയ്‌സ്വാളും ചെറുത്തുനിന്നെങ്കിലും കാര്യമായ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കും സാധിച്ചില്ല. ശേഷം ക്രീസിലെത്തിയ വിരാട് വന്നതുപോലെ തിരിച്ചു നടന്നു. പിന്നാലെയെത്തിയവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ 156ന് പുറത്തായി. 38 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സാന്റ്‌നറാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ നിലംപരിശാക്കിയത്. വെറും 53 റണ്‍സ് മാത്രം വഴങ്ങിയ സാന്റ്‌നര്‍ ഏഴ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞു. ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി ശേഷിച്ച വിക്കറ്റും നേടി.

103 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കിവികള്‍ ആദ്യ ഇന്നിങ്‌സിലേതിന് സമാനമായ പ്രകടനം തന്നെ പുറത്തെടുത്തു. 133 പന്തില്‍ 86 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടോം ലാഥമാണ് ടോപ് സ്‌കോറര്‍.

ഗ്ലെന്‍ ഫിലിപ്‌സ് (82 പന്തില്‍ പുറത്താകാതെ 48) വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ (83 പന്തില്‍ 41) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ രണ്ടാം ഇന്നിങ്‌സില്‍ ബ്ലാക് ക്യാപ്‌സ് 255 റണ്‍സ് പടുത്തുയര്‍ത്തി.

രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ നാല് വിക്കറ്റ് നേടി ടെന്‍ഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.

പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് കിവീസ് സ്പിന്നര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ പരാജയം സമ്മതിക്കാന്‍ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ മിച്ചല്‍ സാന്റ്‌നര്‍ ആറ് വിക്കറ്റ് നേടി. അജാസ് പട്ടേല്‍ ഒരു വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ് ഒരു വിക്കറ്റും നേടി ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി.

നവംബര്‍ ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.

 

 

Content Highlight: Mitchell Santner’s Instagram bio goes viral after New Zealand’s series victory over India