കിവീസിന്റെ താണ്ഡവത്തില്‍ ഇന്ത്യ വീണ്ടും തകര്‍ന്നു; തകര്‍പ്പന്‍ നേട്ടത്തില്‍ മിച്ചല്‍ സാന്റ്‌നര്‍
Sports News
കിവീസിന്റെ താണ്ഡവത്തില്‍ ഇന്ത്യ വീണ്ടും തകര്‍ന്നു; തകര്‍പ്പന്‍ നേട്ടത്തില്‍ മിച്ചല്‍ സാന്റ്‌നര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th October 2024, 2:18 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മഹാരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞടുത്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ഒതുക്കിയത്. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാണ് ന്യൂസിലാന്‍ഡ് നല്‍കിയത്.

വെറും 156 റണ്‍സിനാണ് ഇന്ത്യയെ കിവീസ് ഓള്‍ ഔട്ട് ആക്കിയത്. കിവീസിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറിന്റെ ഇടിവെട്ട് ബൗളിങ്ങിലാണ് ഇന്ത്യ തകര്‍ന്നത്.19.3 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 53 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2.72 എന്ന കിടിലന്‍ എക്കോണമിയും താരത്തിനുണ്ട്.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടം കൊയ്യാനും ഈ സ്റ്റാര്‍ ഇടംകയ്യന്‍ സ്പിന്നര്‍ക്ക് സാധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ ഏഴ്+ വിക്കറ്റ് നേടുന്ന താരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മൂന്നാമത്തെ ഇടം കയ്യന്‍ ബൗളറാകാനാണ് മിച്ചലിന് സാധിച്ചത്.

വിക്കറ്റ്, താരം, വേദി, വര്‍ഷം എന്ന ക്രമത്തില്‍

10/117 – അജാസ് പട്ടേല്‍ (ന്യൂസിലാന്‍ഡ് – മുബൈ – 2021

7/43 – ഹേഡ്‌ലി വിക്റ്റി (ഇംഗ്ലണ്ട്) – ചെന്നൈ – 1934

7/53 – മിച്ചല്‍ സാന്റ്‌നര്‍ (ന്യൂസിലാന്‍ഡ്) – പൂനെ – 2024*

7/62 – ടോം ഹാര്‍ഡ്‌ലി (ഇംഗ്ലണ്ട്) – ഹൈദരാബാദ് – 2024

മിച്ചലിന് പുറമെ ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റും നേടി.

ഇന്ത്യന്‍ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കിവീസ് പേസര്‍ ടിം സൗത്തി തുടങ്ങിയത്. ഇന്ത്യന്‍ സ്‌കോര്‍ ഒരു റണ്ണില്‍ നില്‍ക്കെ ഒമ്പത് പന്ത് കളിച്ച് പൂജ്യം റണ്‍സിനാണ് ഹിറ്റ്മാന്‍ മടങ്ങിയത്.

യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലും പ്രതീക്ഷിച്ചപോലെ തിളങ്ങിയില്ല. ജെയ്‌സ്വാള്‍ 60 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് പുറത്താക്കുകയായിരുന്നു. ഗില്‍ 72 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 30 റണ്‍സും നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നറിന്റെയും ഇരയായി.

തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വിരാട് കോഹ്ലി ഒരു റണ്‍സിന് പുറത്തായി ആരാധകരെ നിരാശയിലാക്കി. സാന്റ്നറാണ് താരത്തെയും പുറത്താക്കിയത്. ശേഷം ഇറങ്ങിയ പന്ത് 18 റണ്‍സും സര്‍ഫറാസ് 11 റണ്‍സും നേടി പുറത്തായതോടെ ഇന്ത്യ സമ്മര്‍ദത്തിലാവുകയായിരുന്നു. ശേഷം ഇറങ്ങിയ അശ്വിനും പിടിച്ചുനില്‍ക്കാനായില്ല. നാല് റണ്‍സിനാണ് താരം കൂടാരം കയറിയത്.

അവസാന ഘട്ടത്തില്‍ 38 റണ്‍സ് നേടി രവീന്ദ്ര ജഡേജ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയാണ് പുറത്തായത്. ആകാശ് ദീപ് (6), ജസ്പ്രീത് ബുംറ (0) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. 18 റണ്‍സ് നേടി വാഷിങ്ടണ്‍ സുന്ദറാണ് പിടിച്ച് നിന്നത്. നിലവില്‍ രണ്ടാം ഇന്നിങസില്‍ ബാറ്റ് ചെയ്യുന്ന കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിട്ടുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ കിവീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ്. 11 ഫോര്‍ അടക്കം 76 റണ്‍സാണ് താരം നേടിയത്. അദ്ദേഹത്തിന് പുറമെ യുവ ബാറ്റര്‍ രചിന്‍ രവീന്ദ്ര ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 65 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സും കളിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് വാഷിങ്ടണ്‍ സുന്ദറാണ് 23.1 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം നേടിയത്. താരത്തിന് പുറമെ ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റുകളും നേടി.

 

Content Highlight: Mitchell Santner In Great record Achievement In Test Cricket Against India