ഇവന്റെ പത്ത് ഓവറില്‍ ഒരു ഫോര്‍ പോലും അടിക്കാന്‍ ഇംഗ്ലണ്ടിന് പറ്റിയില്ലേ! വാഹ് മിച്ചല്‍ 'ഫ്രീക്കിങ്' സാന്റ്‌നര്‍
2023 ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് കൊടിയിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പില്‍ എവിടെ നിര്‍ത്തിയോ, അവിടെ നിന്നുതന്നെ തുടങ്ങിയ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ നിഷ്പ്രഭരാക്കിയാണ് നിലവിലെ റണ്ണേഴ്‌സ് അപ്പായ ന്യൂസിലാന്‍ഡ് വിജയിച്ചുകയറിയത്.
ഇംഗ്ലണ്ടിനെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 282 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ബ്ലാക് ക്യാപ്‌സ് ഡെവോണ്‍ കോണ്‍വേയുടെയും രചിന്‍ രവീന്ദ്രയുടെയും സെഞ്ച്വറി കരുത്തില്‍ അനായാസം വിജയിച്ചുകയറുകയായിരുന്നു.
ന്യൂസിലാന്‍ഡിന്റെ വിജയത്തില്‍ കോണ്‍വേക്കും രചിനുമൊപ്പം എടുത്ത് പറയേണ്ട പേരാണ് സൂപ്പര്‍ താരം മിച്ചല്‍ സാന്റ്‌നറിന്റേത്. പത്ത് ഓവറില്‍ വെറും 37 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് സാന്റ്‌നര്‍ നേടിയത്. കിവീസ് നിരയില്‍ ഏറ്റവും മികച്ച എക്കോണമിയുള്ളതും സാന്റ്‌നറിന്റെ പേരില്‍ തന്നെയായിരുന്നു.
വെടിക്കെട്ട് വീരന്‍ ജോണി ബെയര്‍സ്‌റ്റോയെയും ക്രിസ് വോക്‌സിനെയുമാണ് വോക്‌സ് മടക്കിയത്.
താരത്തിന്റെ ഈ മത്സരത്തിലെ ബൗളിങ് പ്രകടനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒറ്റ ബൗണ്ടറി പോലും വഴങ്ങാതെയാണ് സാന്റ്‌നര്‍ തന്റെ ഫുള്‍ ക്വാട്ടയും എറിഞ്ഞ് തീര്‍ത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് സാന്റ്‌നര്‍.
സാന്റ്‌നറിനൊപ്പം മാറ്റ് ഹെന്റിയും ഗ്ലെന്‍ ഫിലിപ്‌സും ബൗളിങ്ങില്‍ തിളങ്ങിയിരുന്നു. ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും നേടി.
ട്രെന്റ് ബോള്‍ട്ടും രചിന്‍ രവീന്ദ്രയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ആദ്യ ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ബോള്‍ട്ട് പോകെ പോകെ താളം കണ്ടെത്തുകയായിരുന്നു. പത്ത് ഓവറില്‍ വെറും 48 റണ്‍സ് മാത്രമാണ് ബോള്‍ട്ട് വഴങ്ങിയത്.
ഈ വിജയത്തോടെ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കാനും കിവികള്‍ക്ക് സാധിച്ചു. നെതര്‍ലന്‍ഡ്‌സാണ് കിവികളുടെ അടുത്ത എതിരാളികള്‍. ഒക്ടോബര്‍ ഒമ്പതിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് ഈ പോരാട്ടത്തിന് വേദിയാകുന്നത്.
Content highlight: Mitchell Santner completed 10 overs without conceding a boundary