| Tuesday, 14th November 2023, 10:34 pm

'വാംഖഡെ നിശബ്ദമാവും, മൊട്ടുസൂചി വീണാല്‍ പോലും കേള്‍ക്കും'; 2019 ആവര്‍ത്തിക്കാനൊരുങ്ങി കിവീസ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2019 ലോകകപ്പില്‍ ഇന്ത്യക്കായി ആര്‍പ്പുവിളിച്ച ആരാധകര്‍ മൂകമായതുപോലെ 2023 ലോകകപ്പ് സെമി ഫൈനലിലും അതാവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് കിവീസ് സൂപ്പര്‍ താരം മിച്ചല്‍ സാന്റ്‌നര്‍. മികച്ച പ്രകടനം നടത്തി ഇന്ത്യക്ക് മേല്‍ മുന്‍തൂക്കം നേടിയാല്‍ വാംഖഡെ നിശബ്ദമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഐ.സി.സി ഇവന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരെ മോശം ട്രാക്ക് റെക്കോഡാണ് ഇന്ത്യക്കുള്ളത്. നേര്‍ക്കുനേര്‍ 13 തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് വിജയം മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. 2019 ലോകകപ്പിന്റെ സെമി ഫൈനലിലെ തോല്‍വി ഇതില്‍ പ്രധാനമാണ്.

മത്സരത്തില്‍ ഒരുവേള അഞ്ച് റണ്‍സിന് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതോടെ ആര്‍പ്പുവിളികളാല്‍ മുഖരിതമായ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയം ഒന്നടങ്കം നിശബ്ദമായി. അതേ പ്രകടനം വാംഖഡെയിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മാഞ്ചസ്റ്ററിലേതെന്ന പോലെ ആരാധകര്‍ നിശബ്ദമാകുമെന്നുമാണ് സാന്റ്‌നര്‍ വിശ്വസിക്കുന്നത്.

‘വാംഖഡെയില്‍ ഞങ്ങള്‍ക്ക് നിശബ്ദത ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, പിന്‍ ഡ്രോപ് പോലും കേള്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ കളിക്കുന്നു എന്നാണ് അര്‍ത്ഥം,’ Stuff.co.nzനോട് സാന്റ്‌നര്‍ പറഞ്ഞു.

മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെ തടഞ്ഞുനിര്‍ത്താന്‍ ഏര്‍ളി വിക്കറ്റുകള്‍ ആവശ്യമാണെന്നും സാന്റ്‌നര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ പിച്ച് പരിശോധിക്കുകയും കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും. ഇന്ത്യയുടെ ടോപ് സിക്‌സ്, ടോപ് സെവനെ കുറിച്ചും അവര്‍ക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നുനുള്ള വ്യക്തമായ ബോധ്യം ഞങ്ങള്‍ക്കുണ്ട്. ഏര്‍ളി വിക്കറ്റുകള്‍ വീഴ്ത്തി അവരുടെ ഇന്നിങ്‌സ് സ്ലോ ചെയ്യാനാണ് ശ്രമിക്കുന്നത്. ഇത് ഏറെ പ്രാധാന്യമേറിയ ഭാഗമാണ്,’ സാന്റ്‌നര്‍ പറഞ്ഞു.

നാല് വര്‍ഷം മുമ്പുള്ള വിജയത്തെ കുറിച്ചും സാന്റ്‌നര്‍ സംസാരിച്ചു. ആ വിജയം അയഥാര്‍ത്ഥമായി തോന്നിയെന്നും ധോണിയുടെ റണ്‍ ഔട്ടാണ് മത്സരത്തിന്റെ ഡൈനാമിക്‌സ് തന്നെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

‘അത് അയഥാര്‍ത്ഥമായിരുന്നു. അവിശ്വസനീയമായ തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. കാണികള്‍ പോലും നിശബ്ദരായി. ലോക്കി ഫെര്‍ഗൂസന്റെ ഓവറില്‍ ഡീപ് പോയിന്റിലാണ് ഞാന്‍ നിലയുറപ്പിച്ചത്. മത്സരത്തില്‍ ഇന്ത്യ സാധ്യതകള്‍ നിലനിര്‍ത്തിയപ്പോള്‍ ധോണി എന്റെ തലയ്ക്ക് മുകളിലൂടെ സിക്‌സര്‍ നേടിയിരുന്നു. അത് വളരെ മികച്ച ഒരു ഷോട്ടായിരുന്നു.

ഇന്ത്യ ഈ മത്സരം വിജയിക്കുമെന്ന് ആരാധകര്‍ ചിന്തിച്ചുതുടങ്ങി. എന്നാല്‍ മാര്‍ട്ടിന്‍ ഗപ്ടില്ലിന്റെ ഡയറക്ട് ഹിറ്റിലൂടെ ധോണി റണ്‍ ഔട്ടായി. അവിടെയാണ് മത്സരത്തിന്റെ ഡൈനാമിക്‌സ് ഒരിക്കല്‍ക്കൂടി മാറിമറിഞ്ഞത്. ഞങ്ങള്‍ ആരാധകരെ ഒരിക്കല്‍ക്കൂടി നിശബ്ദരാക്കി,’ സാന്റ്‌നര്‍ പറഞ്ഞു.

നവംബര്‍ 15നാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ പോരാട്ടം. വാംഖഡെ സ്‌റ്റേഡിയമാണ് വേദി.

Content highlight: Mitchell Santner about India vs New Zealand semi final match

We use cookies to give you the best possible experience. Learn more