|

വിരാടിനെ ഞാന്‍ തീര്‍ക്കും, സ്ലെഡ്ജിങ് എന്താണെന്ന് അവനെ കാണിച്ചുകൊടുക്കും; വമ്പന്‍ പ്രസ്താവനയുമായി മിച്ചല്‍ മാര്‍ഷ്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തലകുനിച്ചത്. ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്‌ട്രേലിയയുമായി നടക്കുന്ന പരമ്പര നവംബര്‍ 22നാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.

ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ് ഓസീസ് സൂപ്പര്‍ ബൗളര്‍ മിച്ചല്‍ മാര്‍ഷ്. ഓസ്‌ട്രേലിയയില്‍ 30ാം ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന വിരാടിന്റെ വിക്കറ്റ് നേടാനും സ്ലെഡ്ജിങ് നടത്താനുമുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് പറയുകയാണ് മാര്‍ഷ്.

മാര്‍ഷ് വിരാടിനെക്കുറിച്ച് സംസാരിച്ചത്

‘വിരാട് 30ാം ടെസ്റ്റിന് ഒരുങ്ങുകയാണ്, അവനെ ഞാന്‍ ഇവിടെ വീഴ്ത്തും. ഞാന്‍ ഐ.പി.എല്ലില്‍ അവനോടൊപ്പം കളിച്ചിട്ടുണ്ട്. ഗ്രൗണ്ടിന് പുറത്ത് അവന്‍ മറ്റൊരാളാണ്. ഫീല്‍ഡ് മത്സരങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കാറുണ്ടായിരുന്നു,

വിരാടുമായുള്ള ക്രിക്കറ്റും കോണ്‍ട്രസ്റ്റുകള്‍ ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന ആളല്ല ഞാന്‍. ക്രിക്കറ്റ് സംസാരിക്കേണ്ടത് ഇപ്പോള്‍ പ്രധാനമാണ്,’ മിച്ചല്‍ മാര്‍ഷ് പറഞ്ഞതായി ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ വിരാട് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ 24 റെഡ് ബോള്‍ ഗെയിമുകളില്‍ നിന്ന് 52.25 ശരാശരിയില്‍ 1979 റണ്‍സ് മാത്രമാണ് നേടിയത്. പരമ്പരയില്‍ എട്ട് സെഞ്ച്വറികള്‍ അടിച്ച വിരാട് എന്നും ഓസീസിന്റെ പേടിസ്വപ്നമാണ്. പെര്‍ത്തില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ വിരാട് മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

എന്നിരുന്നാലും ഹോം ടെസ്റ്റില്‍ കിവീസിനെതിരെ ഏറ്റ വലിയ പ്രഹരവും ഫോമില്ലായിമയും താരത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ എങ്ങനെ ബാധിക്കുമെന്നത് ആശങ്കയിലാണ്.

Content Highlight: Mitchell Marsh Talking About Virat Kohli