| Saturday, 11th November 2023, 9:27 pm

വെറും രണ്ട് റണ്‍സിന് മാര്‍ഷ് കടത്തിവെട്ടി; ഇന്ത്യ കപ്പുയര്‍ത്തിയപ്പോഴുള്ള സേവാഗിന്റെ റെക്കോഡും തകര്‍ന്നു

സ്പോര്‍ട്സ് ഡെസ്‌ക്

സെമി ഫൈനലിന് തൊട്ടുമുമ്പുള്ള ‘പ്രാക്ടീസ് മാച്ചില്‍’ തകര്‍പ്പന്‍ ജയം നേടി ഓസ്‌ട്രേലിയ. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന് ബംഗ്ലാദേശിനെ തകര്‍ത്താണ് അവസാന ഗ്രൂപ്പ് മത്സരത്തിലും കങ്കാരുപ്പട വിജയം സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 308 റണ്‍സിന്റെ വിജയലക്ഷ്യം 32 പന്ത് ബാക്കി നില്‍ക്കെ ഓസീസ് മറികടക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും അര്‍ധ സെഞ്ച്വറികളുമാണ് ഓസീസിന് അനായാസ വിജയം നേടിക്കൊടുത്തത്.

മാര്‍ഷ് 132 പന്ത് നേരിട്ട് പുറത്താകാതെ 177 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത് 64 പന്തില്‍ പുറത്താകാതെ 63 റണ്‍സും ഡേവിഡ് വാര്‍ണര്‍ 61 പന്തില്‍ 53 റണ്‍സും നേടി.

കാറ്റിനെ പോലും നാണിപ്പിക്കുന്ന വേഗത്തില്‍ തകര്‍ത്തടിച്ച മിച്ചല്‍ മാര്‍ഷ് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരുന്നു. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗിനെ മറികടന്നാണ് മാര്‍ഷ് റെക്കോഡ് ബുക്കില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്.

2011 ലോകകപ്പില്‍ വീരുവിന്റെ വെടിക്കെട്ടില്‍ ബംഗ്ലാദേശിനെതിരെ അവരുടെ ഹോം ഗ്രൗണ്ടായ ഷേര്‍ ഇ ബംഗ്ലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 87 റണ്‍സിന് വിജയിച്ചിരുന്നു. 104 പന്തില്‍ നിന്നും 175 റണ്‍സാണ് വീരു നേടിയത്. 14 ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു സേവാഗിന്റെ ഇന്നിങ്‌സ്.

സേവാഗിനൊപ്പം വിരാട് കോഹ്‌ലിയും അന്ന് സെഞ്ച്വറി നേടിയിരുന്നു. ഇരുവരുടെയും സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സ് നേടി. കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 283 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എന്നാലിപ്പോള്‍ 12 വര്‍ഷത്തോളം തലയുയര്‍ത്തി നിന്ന സേവാഗിന്റെ റെക്കോഡ് തകര്‍ത്തുകൊണ്ടാണ് മാര്‍ഷ് സെമി ഫൈനലിന് മുമ്പേ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

നവംബര്‍ 16നാണ് ഓസ്‌ട്രേലിയ 2023 ലോകകപ്പിന്റെ സെമി ഫൈനലിറങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content Highlight: Mitchell Marsh surpasses Virender Sehwag

We use cookies to give you the best possible experience. Learn more